'കെ മുരളീധരൻ കഴിവ് തെളിയിച്ച നേതാവാണ്. അദ്ദേഹത്തെപ്പോലുള്ള പല നേതാക്കളെയും പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്നറിയില്ല'
കൊച്ചി: മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ. പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കണ്ണൂരിൽ അറിയാം. സംസ്ഥാന വ്യാപകമായി അദ്ദേഹത്തെ അറിയുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കഴിവ് തെളിയിക്കട്ടേയെന്നും പത്മജ പ്രതികരിച്ചു. പലരും അത് ആരാണെന്ന് പലരും തന്നോട് ചോദിച്ചിരുന്നു. കെ മുരളീധരൻ കഴിവ് തെളിയിച്ച നേതാവാണ്. അദ്ദേഹത്തെപ്പോലുള്ള പല നേതാക്കളെയും പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും പത്മജ കൂട്ടിച്ചേർത്തു. കോൺഗ്രസ് വിട്ട പത്മജാ വേണുഗോപാൽ നിലവിൽ ബിജെപിയിൽ ചേർന്നാണ് പ്രവർത്തിക്കുന്നത്.

ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് - കെ മുരളീധരൻ
പുതിയ കെപിസിസി പ്രസിഡന്‍റായി സണ്ണി ജോസഫ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അഭിനന്ദനത്തിന് ഒപ്പം സ്വയം വിമർശനവും ട്രോളുമായി കെ മുരളീധരൻ. വടകരയില്‍ കാലുകുത്തിയപ്പോള്‍ ഷാഫി പറമ്പിലിന്റെ ഗ്രാഫ് മുകളിലേക്ക് പോയെന്നും താന്‍ തൃശൂരിലേക്ക് മാറിയപ്പോള്‍ ഗ്രാഫ് താഴെ പോയെന്നും മുരളീധരന്‍ പറഞ്ഞു. തൃശ്ശൂരിൽ ഉണ്ടായിരുന്ന പ്രതാപന്റെ ഗ്രാഫും പോയെന്നും മുരളി പറഞ്ഞു.
ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് പുറത്തുവിട്ട കേന്ദ്ര നേതൃത്വത്തെ മുരളീധരൻ അഭിനന്ദിച്ചു. ബോംബ് പൊട്ടും എന്ന് തോന്നിയ സമയത്ത് ഒരു ഏറു പടക്കം പോലും പൊട്ടിയില്ലെന്നായിരുന്നു ചുമതലാ ലിസ്റ്റുമായി ബന്ധപ്പെട്ട് വിമർശനങ്ങളെ കുറിച്ച് മുരളീധരന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിനാണ് അഭിനന്ദനം. യുദ്ധമുണ്ടാകുമെന്ന് കരുതിയ സമയത്താണ് ലിസ്റ്റ് പുറത്ത് വിട്ടത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് വരുന്ന ഒരു മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടേ. കഴിഞ്ഞ കുറച്ച് കാലങ്ങളായി പല മുൻ പ്രസിഡന്റ് മാർക്കും ഇതിന് കഴിയുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.


