തിരുവനന്തപുരം: സദാചാര പ്രശ്നത്തിന്റെ പേരിൽ ഉടമ വീട്ടില്‍ നിന്ന് ഇറക്കിവിട്ട നായ്ക്കുട്ടിക്ക് പുതിയ ഉടമസ്ഥനായി. തിരുവനന്തപുരം മൃഗശാല ജീവനക്കാരനായ സജിയാണ് നായ്ക്കുട്ടിയെ ദത്തെടുത്തത്. പപ്പിക്കുട്ടിയെന്ന് പേരിട്ട നായ്ക്കുട്ടി ഇപ്പോൾ കുടുംബത്തിലെ ഏവർക്കും പ്രിയങ്കരിയാണ്.

നേരത്തെ വളർത്തിയിരുന്ന നായ മരിച്ചുപോയ ദുഖത്തിലായിരുന്നു ഈ കുടുംബം. പരീക്ഷയ്ക്ക് ജയിച്ചാൽ മകൾക്ക് പുതിയ നായയെ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞിരിക്കുമ്പോഴാണ് മാധ്യമങ്ങളിലൂടെ ഈ നായയുടെ കഥയറിയുന്നത്. പുതിയ കുടുംബത്തോടൊപ്പം പപ്പിക്കുട്ടിയും ഇപ്പോള്‍ പരമസന്തോഷത്തിലാണ്. കൂട്ടിൽ കിടക്കാൻ താൽപര്യമില്ലാത്ത പപ്പിക്കുട്ടി ഇപ്പോൾ വീട്ടിലൊരാളെപ്പോലെ തന്നെയാണ് കഴിയുന്നത്. സജിയുടെ മകൾ നേഹയും അയൽവീട്ടിലെ ആദിയുമൊക്കെയാണ് പപ്പിക്കുട്ടിയുടെ കൂട്ടുകാർ.

അയൽപക്കത്തെ നായയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഉടമസ്ഥൻ ഉപേക്ഷിച്ച നായ്ക്കുട്ടി പീപ്പിൾ ഫോർ ആനിമൽസ് പ്രവർത്തക ഷമീമിന്റെ സംരക്ഷണത്തിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഈ പോമറേനിയനെ തിരുവനന്തപുരം ചാക്ക വേൾഡ് മാർക്കറ്റിന്‍റെ മുന്നിൽ നിന്നാണ് പീപ്പിൾസ് ഫോര്‍ അനിമൽസ് എന്ന സംഘടനയിൽ അംഗമായ ഷമീം രക്ഷപെടുത്തി വീട്ടിലെത്തിച്ചത്. 

Read Also: അയല്‍പക്കത്തെ നായയുമായി 'അവിഹിതം'; തിരുവനന്തപുരത്ത് പോമറേനിയനെ തെരുവില്‍ ഉപേക്ഷിച്ച് ഉടമ

"നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം. അമിത ഭക്ഷണം ആവശ്യമില്ല. രോഗങ്ങൾ ഒന്നും ഇല്ല. അഞ്ച് ദിവസം കൂടുമ്പോൾ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ. മൂന്ന് വർഷമായി ആരെയും കടിച്ചിട്ടില്ല, പാൽ, ബിസ്ക്കറ്റ്, പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത്".. തുടങ്ങി നായ്ക്കുട്ടിയും കഴുത്തിൽ കെട്ടിയ കുറിപ്പും എല്ലാം ഇതിനോടകം തന്നെ ഏറെ കൗതുകവും ഉണ്ടാക്കിയിരുന്നു. 

Read Also:  "അയലത്തെ നായയുമായി അവിഹിതം" ഉടമ ഉപേക്ഷിച്ച പട്ടിക്കുട്ടിയെ ദത്തെടുക്കാൻ ഇഷ്ടക്കാരുടെ ക്യൂ

മാധ്യമവാർത്തകളെ തുടർന്ന് നാൽപതിലേറെ പേരാണ് നായയെ ദത്തെടുക്കാൻ സന്നദ്ധതയറിയിച്ചത്. ഒടുവിൽ മൃഗസ്നേഹിയായ സജിയുടെ കൈകളിൽ എത്തിപ്പെട്ടതോടെ എല്ലാത്തിനും ശുഭപര്യവസാനമായി.