കേസ് അന്വേഷിച്ച് നാല് ദിവസത്തിനകം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി റിപ്പോർട്ട് നൽകും. യുവതിയിൽ നിന്ന് വീണ്ടും മൊഴി എടുക്കും.

തൃശ്ശൂര്‍: തൃശ്ശൂരിൽ ബലാൽസംഗത്തിന് ഇരയായ സുഹൃത്തിന് നീതി കിട്ടിയില്ലെന്ന് കായിക താരം മയൂഖ ജോണി ആരോപിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി പയസ് ജോർജ് അന്വേഷിക്കും. പ്രത്യേക ഏഴംഗ സംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചു. യുവതിയിൽ നിന്ന് വീണ്ടും മൊഴി എടുക്കും. കേസിൽ ഉന്നത ഇടപെടൽ ഉണ്ടായി എന്നതുൾപ്പടെ മയൂഖ ഉന്നയിച്ച ആരോപണങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ ആണ് അന്വേഷിക്കുക. ഇക്കാര്യത്തിൽ റിപ്പോർട്ട് നാല് ദിവസത്തിനകം സമർപ്പിക്കാനാണ് നിർദേശം.

ആളൂർ പൊലീസ് അന്വേഷിക്കുന്ന കേസിൽ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ മയൂഖ ജോണി രംഗത്തെത്തിയതോടെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. അഞ്ചു വർഷം മുൻപ് നടന്ന സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ല എന്നാണ് പൊലീസ് പറയുന്നത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം നടക്കുന്നത്. കേസിൽ മുൻ വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ ഇടപെട്ടുവെന്നും മന്ത്രിതല ഇടപെടൽ ഉണ്ടായി എന്നും മയൂഖ ജോണി ആരോപിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona