ആറ്റൂർ സ്വദേശിനി സ്വപ്ന (37) പൊലീസ് നിരീക്ഷണത്തിലാണ്. രക്തസ്രാവം മൂലം ചികിത്സ തേടിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് പുറത്തറിയുന്നത്. യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തൃശ്ശൂർ: നവജാത ശിശുവിൻറെ ജഡം ക്വാറിയിൽ തള്ളിയ സംഭവത്തിൽ തൃശൂർ ആറ്റൂരിൽ അമ്മ നീരീക്ഷണത്തിൽ. തുടർച്ചയായ രക്തസ്രാവത്തെത്തുടർന്ന് യുവതി തൃശൂർ മെഡിക്കൽ കോളSജിൽ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ സഹോദരനാണ് കുഞ്ഞിൻറെ ജഡം പാറക്വോറിയിൽ ഉപേക്ഷിച്ചത്. സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ചെറുതുരുത്തി പൊലീസിന് ഡോക്ടർ ഒരു സംശയം കൈമാറിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. ആറ്റൂരിലെ 37 കാരി യുവതി തുടർച്ചയായ രക്തസ്രാവത്തെത്തുടർന്നാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. പ്രസവത്തിലുണ്ടാകുന്ന രക്തസ്രാവമാണെന്ന് ഡോക്ടർ കണ്ടെത്തിയതിനെത്തുടർന്ന് വിവരം പൊലീസിന് കൈമാറി. ചെറുതുരുത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷൊർണൂരിലെ കരിങ്കൽ ക്വാറിയിൽ നിന്ന് മാസമെത്താത്ത കുഞ്ഞിൻറെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. രണ്ടു കുട്ടികളുടെ അമ്മയായ യുവതി എട്ടാംമാസം ഗർഭാവസ്ഥയിലിരിക്കുന്ന കുഞ്ഞിനെ നശിപ്പിക്കാൻ നോക്കി. കുടുംബ പ്രശ്നങ്ങളായിരുന്നു കാരണം. അബോർഷനുള്ള മരുന്നു കഴിച്ചതോടെ കുഞ്ഞ് പുറത്തുവന്നു. ബാത്ത് റൂമിൽ പ്രസവിച്ചശേഷം ബാഗിലാക്കി ജഡം കളയുന്നതിന് സഹോദരനെ ഏൽപ്പിച്ചു. അയാളത് പാറമടയിൽ ഉപേക്ഷിച്ചു.
പുറത്തുവന്ന കുഞ്ഞിന് ജീവനുണ്ടായിരുന്നോ ഇല്ലയോ എന്നത് സ്ഥിരീകരിക്കാനായില്ല. രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ യുവതിയുടെ ആരോഗ്യ നില വഷളായി. ഗത്യന്തരമില്ലാതെയാണ് കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. തുടർന്നായിരുന്നു ഡോക്ടർ പൊലീസിന് വിവരം കൈമാറിയത്. യുവതിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് മൊഴിയെടുത്ത് കേസെടുക്കാനാണ് പൊലീസ് തീരുമാനം. മരണ കാരണം അറിയാൻ ജഡാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. നിലവിൽ നിർബന്ധിത അബോർഷൻ ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.



