ദമ്പതികൾ ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകവേ അപകടം. പുത്തനത്താണി തിരുനാവായ റോഡിൽ ഇലക്ട്രിക് കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മലപ്പുറം: വീട്ടില്‍നിന്ന് പതിവുപോലെ ബൈക്കില്‍ ജോലിക്ക് ഇറങ്ങിയതായിരുന്നു മുഹമ്മദ് സിദ്ദിക്കും ഭാര്യ റീഷയും എന്നാല്‍ ഇന്നലെ ഏതാനും മീറ്ററോളം മാത്രമേ ആ യാത്രയ്ക്ക് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. പുത്തനത്താണി തിരുനാവായ റോഡിലെ ഇഖ്ബാല്‍ നഗറില്‍ ചൊവ്വാഴ്ച രാവിലെയാണ് നാടിനെ കണ്ണീരാഴ്ത്തിയ അപകടം നടന്നത്. ഇരുവരും സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക് കാറില്‍ ഇടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മുഹമ്മദ് സിദ്ദിഖ് സംഭവ സ്ഥലത്തുവെച്ചും റീഷ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. പാങ്ങ് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം താല്‍കാലിക അധ്യാപകനായിരുന്നു മുഹമ്മദ് സിദ്ദീഖ്. പെരുവള്ളൂര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലെ ഫാര്‍മസിസ്റ്റായിരുന്നു റീഷ.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇരുവരുടെയും മൃതദേഹം റീഷയുടെ ജന്മനാടായ അഴീക്കോട് കൊണ്ടുപോയതിനു ശേഷം ഇന്നലെ രാത്രി 10.30ന് ഖബറടക്കി.