തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു

തൃശ്ശൂര്‍; പൂര പ്രേമികളുടെ കണ്ണും കാതും മനസ്സും നിറച്ച് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയായി.ദേശക്കാരുടെ പൂരമായിരുന്നു ഇന്നത്തേത്. രാവിലെ 8 മണിയോടെ നായ്ക്കനാൽ പരിസരത്തു നിന്നും തിരുവമ്പാടിയുംമണികണ്ഠനാല്‍ പരിസരത്തുനിന്ന് പാറമേക്കാവിന്‍റെയും എഴുന്നെള്ളത്ത് ആരംഭിച്ചു. പതിനഞ്ചാനകളുടെ അകമ്പടിയോടെ മേള കുലപതികളായ പെരുവനം കുട്ടന്‍ മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും പ്രമാണികളായ മേളത്തോടെയായിരുന്നു എഴുന്നെള്ളത്ത്..തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെചടങ്ങുകള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷം ഏപ്രില്‍30 നാണ് പൂരം. പകല്‍പ്പൂരം മെയ് 1 ന് നടക്കും. പൂര വിളംബരം ഏപ്രില്‍ 29നായിരിക്കും

പകല്‍ വെടിക്കെട്ട് പൂര്‍ത്തിയായി

പൂരത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പകല്‍ വെടിക്കെട്ട് നടന്നു. മഴയൊഴിഞ്ഞ് നിന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് നടന്നടത്.പാറമേക്കാവിന്‍റെ വെടിക്കെട്ടായിയിരുന്നു ആദ്യം. തുടര്‍ന്ന തിരുവമ്പാടിയുടെ വിടെക്കെട്ടും നടന്നു. ഉച്ച തിരിഞ്ഞ് രണ്ടരയോടെ പകല്‍ വെടിക്കെട്ട് പൂര്‍ത്തിയായി. 

മാറ്റിവെച്ച വെടിക്കെട്ട് വൈകിട്ട് 7 മണിക്ക്

കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് (Thrissur Pooram) വൈകീട്ട് ഏഴ് മണിക്ക്. കുടമാറ്റത്തിന്‍റെ സമയത്തടക്കം ഇന്നലെ തൃശ്ശൂർ നഗരത്തിൽ കനത്ത മഴ പെയ്തിരുന്നു. എന്നാൽ മഴയെ അവഗണിച്ച് പൂരത്തിന്‍റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാൽ വെടിക്കെട്ട് നടത്താൻ മഴ വലിയ തടസം സൃഷ്ടിച്ചു. തൃശ്ശൂര്‍ പൂരം വെട്ടിക്കെട്ട് കാണാനുള്ള നിയന്ത്രണം ഇന്നലെ വലിയ തോതിൽ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു. ഇവിടെ 144 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ട്. ഇവയിൽ കയറരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്‍റെ ഭാഗമായുള്ള മഴ തൃശ്ശൂർ നഗരത്തിൽ തോരാതെ പെയ്തത്. 

തൃശ്ശൂര്‍ പൂരം- പരസ്യവുമായി കെ റെയിലും

പൂരങ്ങളുടെ പൂരമായ തൃശൂ‍ർ പൂരം കാണാൻ ഇനി അതിവേ​ഗമെത്താമെന്ന പരസ്യവുമായി കെ റെയിൽ. വിവിധ ന​ഗരങ്ങളിൽ നിന്ന് തൃശൂരിലേക്ക് സഞ്ചരിക്കാൻ വേണ്ടി വരുന്ന ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ വ്യക്തമാക്കിയാണ് പരസ്യം നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് തൃശൂരെത്താൻ എടുക്കുന്ന സമയം 1 മണിക്കൂ‍ർ 56 മിനുട്ടാണ്. 260 കിലോമീറ്റ‍ ർ ദൂരമുള്ള ഈ യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് 715 രൂപയാണ്. കാന്താ വേ​ഗം പോ​കാം പൂരം കാണാൻ സിൽവ‍ർവലൈനിൽ എന്ന ടാ​ഗ്‍ലൈനോടയൊണ് പരസ്യ പോസ്റ്റ‍ർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ടും തൃശൂരെത്താം,176 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട് നിന്ന് 44 മിനിട്ടുകൊണ്ടും കാസര്‍കോട് നിന്ന് 1 മണിക്കൂര്‍ 58 മിനിട്ട് കൊണ്ടും തൃശൂരെത്താം. കോഴിക്കോട് നിന്ന് 269 രൂപയും കാസർഗോഡ് നിന്ന് 742 രൂപയുമാണ് നിരക്ക്. എന്നാൽ പോസ്റ്റിന് താഴെ വിമ‍ർശനങ്ങളും ഉയരുന്നുണ്ട്. കെ റെയിൽ വേണ്ട, ഇന്ത്യൻ റെയിൽ വെ മതിയെന്ന് ചില‍ർ, കെ റെയിൽ ഉണ്ടായിട്ടല്ല ഇത്രയും നാൾ പൂരം കണ്ടതെന്ന് മറ്റുചിലർ. പോസ്റ്ററിനെ സ്വാ​ഗതം ചെയ്യുന്ന ചിലരും കമന്റുകളുമായി എത്തിയിട്ടുണ്ട്.