താൻ കസ്റ്റഡിയിലിരിക്കെ എന്‍ ഐ എ അന്വേഷണം കൊണ്ട് വന്ന് തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. കസ്റ്റഡിയിലിരിക്കെ ശിവശങ്കർ പറഞ്ഞതനുസരിച്ച് അവർ പറഞ്ഞപോലെ ഓഡിയോ റെക്കോർഡ് ചെയ്ത് നൽകിയെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു

കൊച്ചി: സ്വർണക്കടത്ത് കേസിലെ )gold smuggling case)പ്രതികളായ സ്വപ്ന സുരേഷിന്റേയും(swapna suresh) സരിത്തിന്റേയും(sarith) മൊഴി എടുത്തു. എൻ ഐ എ (NIA)ആണ് കൊച്ചിയിൽ ഇരുവരുടേയും മൊഴി എടുത്തത്. ജയിൽ മോചിതയായ ശേഷം സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് (asianet news)അടക്കം മാധ്യമങ്ങളിലൂെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തതെന്നാണ് സൂചന.സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ ഐ എ കേസിൽ ശിവശങ്കറിനെ നേരത്തെ പ്രതിചേർത്തിരുന്നില്ല .ഈ സാഹചര്യത്തിൽ എം ശിവശങ്കറിന് എല്ലാം അറിയാമായിരുന്നെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് പരിശോധിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ ലക്ഷ്യം.

സ്വര്‍ണം പിടിച്ച ദിവസം മുതല്‍ അദ്ദേഹത്തിന്‍റെ നിര്‍ദേശമനുസരിച്ചാണ് താന്‍ മുന്നോട്ട് പോയത്,ഈ കേസില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെന്ന തന്‍റെ ഓഡിയോ മുതല്‍ മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ഓഡിയോ വരെ എല്ലാം ശിവശങ്കരന്‍റെ തിരക്കഥയായിരുന്നവെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന വ്യക്തമാക്കിയിരുന്നു.

താൻ കസ്റ്റഡിയിലിരിക്കെ എന്‍ ഐ എ അന്വേഷണം കൊണ്ട് വന്ന് തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. കസ്റ്റഡിയിലിരിക്കെ ശിവശങ്കർ പറഞ്ഞതനുസരിച്ച് അവർ പറഞ്ഞപോലെ ഓഡിയോ റെക്കോർഡ് ചെയ്ത് നൽകിയെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ലൈഫ്മിഷന്‍ കമ്മീഷന്‍, സംയുക്ത ലോക്കര്‍,വിആര്‍എസ് എടുത്ത് ദുബായില്‍ സ്ഥിര താമസമാക്കാന്‍ തയ്യാറാക്കിയ പദ്ധതി, സ്പേസ് പാര്‍ക്ക് ജോലിക്കായുള്ള വഴിവിട്ട സഹായം തുടങ്ങി എല്ലാം സ്വപ്ന തുറന്ന് പറഞ്ഞിരുന്നു.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ വേട്ടയാടിയെന്ന് പുസ്തകത്തില്‍ ശിവശങ്കരന്‍ ആരോപിക്കുമ്പോഴാണ് പിടിക്കപ്പെടുമെന്നായപ്പോള്‍ തന്നെ ശിവശങ്കരന്‍ തള്ളിക്കളഞ്ഞ കഥ സ്വപ്ന പുറത്ത് പറഞ്ഞത്.


യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സ്പെയ്സ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ്. തന്നെ ചൂഷണം ചെയ്തു. താന്‍ ഇരയാണെന്നും സ്വപ്ന അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന് സംസ്ഥാനഭരണത്തിന്‍റെ ചുക്കാന്‍ നിയന്ത്രിക്കുമ്പോള്‍ ശിവശങ്കരന്‍ സ്വര്‍ണക്കടത്തിന്‍റെ കാര്‍മികത്വവും വഹിച്ചെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. സ്വപ്നയുമായി അദ്ദേഹത്തിന് സൗഹൃദം മാത്രമെന്ന വാദം പൊളിഞ്ഞതോടെയാണ് ദേശീയ അന്വേഷണ ഏജൻസി സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മൊഴി വീണ്ടുമെടുത്തത്.

സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റും ചോദ്യം ചെയ്യും. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്. 

ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ നിർണായകമാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്

പുതിയ വിവരങ്ങൾ കോടതിയിൽ ഔദ്യോഗികമായി ഉടൻ അറിയിക്കാനാണ് ഇഡിയുടെ നീക്കം. ഈ കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റും.