അബുദാബി: യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ അവസരം ഒരുക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്ന ഗര്‍ഭിണി കോഴിക്കോട് സ്വദേശി ആതിരയുടെ ഭര്‍ത്താവ് നിധിന്‍ ചന്ദ്രന്‍ ഷാര്‍ജയില്‍ മരിച്ചു. 28 വയസ്സ് ആയിരുന്നു.

ഇന്ന് പുലര്‍ച്ചെ ഷാര്‍ജയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ  ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ നിധിന്‍ സാമൂഹ്യ സേവന രംഗത്തും സജീവമാണ്. കേരള ബ്ലഡ് ഗ്രൂപ്പിന്റെ കോര്‍ഡിനേറ്റര്‍ കൂടിയാണ് ഈ പേരാമ്പ്ര സ്വദേശി. ദുബായില്‍ ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന ആതിര വന്ദേഭാരത് ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. 

ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. ദുബായ് റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധന നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.