ഇടത് വലത് ക്യാംപിൽ നിലമ്പൂരിൽ ശ്രദ്ധേയമായത് യുവനേതാക്കളുടെ സാന്നിധ്യമായിരുന്നു. 

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് ക്യാംപിലെ യുവ നേതാക്കളുടെ പ്രചാരണ ആഘോഷമായിരുന്നു. സ്ഥാനാർഥി വി എസ് ജോയിയോ ആര്യാടൻ ഷൗക്കത്തോ എന്നതായിരുന്നു യുഡിഎഫ് ക്യാംപിലെ ആദ്യ ചോദ്യം. സഹചാരിയായ വി എസ് ജോയ് തഴയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും യൂത്ത് കോൺ​ഗ്രസിലെയും യൂത്ത് ലീ​ഗിലെയും നേതാക്കൾ നിലമ്പൂരിലേക്ക് വണ്ടിപിടിച്ചു. ഷൗക്കത്തിനൊപ്പം ജോയ് തോളോട് തോൾ ചേർന്ന് മണ്ഡലത്തിൽ പ്രചാരണരം​ഗത്ത് കർമ്മനിരതനായി. റീലും റിയലും തമ്മിൽ ഏറ്റുമുട്ടിയ പ്രചാരണ രം​ഗത്ത് ഇടയ്ക്ക് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഓർമ്മിപ്പിച്ച് പെട്ടി വിവാദവും എത്തി. സ്ഥാനാ‍ർഥി ആര്യാടൻ ഷൗക്കത്തിനെ പാടെ മാറ്റി നിർത്തിയായിരുന്നു യുവ നേതാക്കളുടെ റീൽസ് ഷോ എന്ന് വിമർശനങ്ങളുയർന്നു. ഇതിനിടെ റിയൽ പ്രചാരണവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനും നിലമ്പൂരിൽ സജീവമായതോടെ പാളയത്തിൽ പട എന്ന പേരുദോഷവുമുണ്ടായി. ഒടുവിൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തോളിൽ കയ്യിട്ട് മടങ്ങുകയാണ് കോൺ​ഗ്രസിലെയും ലീ​ഗിലെയും യുവ നേതാക്കൾ.

റീൽ vs റീയൽ

ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവരടങ്ങുന്ന ടീം ആയിരുന്നു നിലമ്പൂരിൽ ആദ്യം മുതൽക്കേ സജീവമായ പ്രധാന യുഡിഎഫ് യുവ മുഖങ്ങൾ. ഇവരെല്ലാം കൂടി സോഷ്യൽ മീഡിയയിൽ റീൽസുകളുമായി കളംനിറഞ്ഞ് നവ പ്രചാരണത്തിന് തുടക്കമിട്ടു. എന്നാൽ റീലിലൊന്നും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ മുഖമില്ലെന്ന് പലരും കണ്ടുപിടിച്ചു. അങ്ങനെ ഈ പ്രചാരണ ശൈലിയോട് യോജിച്ചവരും വിയോജിച്ചവരും ഏറെ. ഇതിനിടെ, യൂത്ത് കോൺ​ഗ്രസിൽ രണ്ട് പാളയങ്ങളുണ്ടെന്ന് സംശയങ്ങൾ ഉയർത്തിയായിരുന്നു നിലമ്പൂരിലേക്ക് ചാണ്ടി ഉമ്മന്റെ വരവ്. റീൽസ് വീട്ട് വീട് കയറിയുള്ള റിയൽ പ്രചാരണ പരിപാടിയായിരുന്നു ചാണ്ടി ഉമ്മന്റെ സ്റ്റൈൽ. പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ശൈലിയാണ് ചാണ്ടി ഉമ്മനെന്ന് ഇതുകണ്ട് പ്രശംസിച്ചവരേറെ. റിയൽ വർക്ക് എന്ന് അടിക്കുറിപ്പോടെ ചാണ്ടി ഉമ്മനൊപ്പമുള്ള ചിത്രം മാത്യൂ കുഴൽനാടൻ എംഎൽഎ എഫ്ബിയിൽ പോസ്റ്റ് ചെയ്തു. ചാണ്ടി ഉമ്മനെ പ്രശംസിച്ച് ടി സിദ്ദിഖ് എംഎൽഎയും എം ലിജുവും എത്തിയതോടെ ചർച്ചകൾക്ക് നൂറ് ഡി​ഗ്രി ചൂടുപിടിച്ചു. നിലമ്പൂരിൽ പത്താം ക്ലാസുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജ്യോതികുമാർ ചാമക്കാലയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധവും ചർച്ചയായി.

പെട്ടി വിവാദം

ഇതിനിടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഓർമ്മിപ്പിച്ച് ഒരു രാത്രിയിൽ പെട്ടി വിവാദം നിലമ്പൂരിൽ ഉയർന്നത്. പാലക്കാട് ഹോട്ടലിലായിരുന്നെങ്കിൽ നിലമ്പൂരിൽ റോഡിലായിരുന്നു പെട്ടി വിവാദം കത്തിപ്പടർന്നത് എന്ന വ്യത്യാസം മാത്രം. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പികെ ഫിറോസും സഞ്ചരിച്ച കാർ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോ​ഗിച്ച ഉദ്യോ​ഗസ്ഥരും പൊലീസും പരിശോധിച്ചതിലായിരുന്നു വിവാദങ്ങളുടെ തുടക്കം. വാഹനത്തിലുണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധിക്കണമെന്നായി ഉദ്യോ​ഗസ്ഥർ. ഉദ്യോ​ഗസ്ഥരുടെ പെരുമാറ്റം ധാർഷ്ട്യത്തോടെയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ പ്രതിഷേധിച്ചു. പരിശോധനയുടെ വീഡിയോ പുറത്തുവരികയും വലിയ ചർച്ചയാവുകയും ചെയ്തു. സിപിഎമ്മിന്റെ പണി ചെയ്യുകയാണെങ്കിൽ അത് ചെയ്താൽ മതിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്യോഗസ്ഥരോട് പറയുന്നത് വീഡിയോയിലുണ്ടായിരുന്നു. പക്ഷപാതം കാട്ടിയാണ് വാഹന പരിശോധന എന്നായിരുന്നു ഷാഫിയുടെ പ്രതികരണം.

കളം നിറഞ്ഞെങ്കിലും കളം പിടിക്കാനാവാതെ ഇടത് യുവത്വം

എം സ്വരാജിന് വേണ്ടി നിലമ്പൂരിൽ പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊപ്പം ഇടത് പക്ഷത്തെ ഇടത് നേതാക്കൾ ഇറങ്ങിയെങ്കിലും കളം പിടിക്കാനാവാതെയാണ് ഇവരുടെ മടക്കം. കോൺഗ്രസിൽ നിന്ന് കളം മാറി ഇടതുപക്ഷത്തെത്തിയ സരിൻ, ചിന്ത ജെറോം, പൊതുമരാമത്ത് മുഹമ്മദ് റിയാസ്, പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ, ഡിവൈഎഫ്ഐ നേതാക്കൾ അടക്കം സിപിഎമ്മിന്റെ യുവനേതാക്കൾ നിലമ്പൂരിൽ സജീവമായിരുന്നുവെങ്കിലും നിരാശയാണ് ബാക്കിയാവുന്നത്.

വിവാദങ്ങൾക്കൊടുവിൽ ജയമടക്കം

അങ്ങനെ, ഒരു മാസത്തോളം ആവേശക്കൊടുമ്പിരി കൊണ്ട പ്രചാരണ, വോട്ടെടുപ്പ് യുദ്ധം അവസാനിപ്പിച്ച് യുഡിഎഫിലെ യുവ സിംഹങ്ങൾ നിലമ്പൂർ മലകൾ ഇറങ്ങുകയാണ്. വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇനി നിയമസഭയിലുണ്ടാകും. വിവാദങ്ങൾ തുടക്കം മുതൽ തലപൊക്കിയെങ്കിലും യൂത്ത് കോൺ​ഗ്രസിലെയും യൂത്ത് ലീ​ഗിലെയും നേതാക്കൾക്ക് ആത്മവിശ്വാസവും അഭിമാനവും പകരുന്ന ഫലം നിലമ്പൂരിലുണ്ടായി എന്നത് യാഥാർഥ്യം. വലിയ ആഘോഷ കമ്മിറ്റിയല്ലെങ്കിലും പി സി വിഷ്ണുനാഥിനെ പോലുള്ള നേതാക്കളുടെ വിയർപ്പുകൂടിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. നിലമ്പൂർ പ്രചാരണത്തിൽ ഇവരിൽ ആരാണ് സൂപ്പർസ്റ്റാർ എന്ന ചോദ്യം അവശേഷിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം