വൈദ്യുതി കെണിയിൽ പരാതി നൽകിയിട്ടും കെഎസ്ഇബി നടപടി എടുത്തില്ലെന്ന ആരോപണവും കൂടുതൽ ശക്തമാക്കാനാണ് യുഡിഎഫ് നീക്കം
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവിൽ പന്നിക്കെണിയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചതിൽ കേന്ദ്രീകരിച്ച് ഉപതെരഞ്ഞെടുപ്പ് പ്രചാരണം. സംഭവത്തിന് പിന്നിൽ യുഡിഎഫ് ഗൂഢാലോചനയെന്ന വനംമന്ത്രിയുടെ ആരോപണത്തിന്‍റെ ചുവടുപിടിച്ച് വിവാദം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും മരിച്ച അനന്തുവിന്‍റെ വീട്ടിൽ ഇന്ന് എത്തും. വന്യമൃഗ ആക്രമണവും,
വൈദ്യുതി കെണിയിൽ പരാതി നൽകിയിട്ടും കെഎസ്ഇബി നടപടി എടുത്തില്ലെന്ന ആരോപണവും കൂടുതൽ ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. ഇന്ന് വഴിക്കടവ് കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. അനന്തുവിന്‍റെ മരണത്തിൽ ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്.
കെ.സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ഇന്ന് നിലമ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും. വനം മന്ത്രി എ.കെ.ശശീന്ദ്രനും ഇന്ന് നിലമ്പൂരിൽ എത്തിയേക്കും. അനന്തുവിന്‍റെ വീട്ടിൽ എത്താനും സാധ്യത ഉണ്ട്. ഇതിനിടെ കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പഞ്ചായത്ത് ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം,നിലമ്പൂരിൽ മൂന്നാംഘട്ട പ്രചാരണത്തിന് തുടക്കമിടുകയാണ് യുഡിഎഫ്. അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളിലാണ് ആര്യാടൻ ഷൗക്കത്തിന്‍റെ ഇന്നത്തെ പ്രചാരണം. മണ്ഡലത്തിലെന്നുന്ന വിഡി സതീശനും അടൂർ പ്രകാശും മുൻ ഡിസിസി പ്രസിഡന്‍റ് വിവി. പ്രകാശിന്‍റെ വീട് സന്ദർശിക്കും. അമരമ്പലം പഞ്ചായത്തിലാണ് ഇടത് സ്ഥാനാർത്ഥി എം. സ്വരാജ് ഇന്ന് വോട്ടുതേടി എത്തുക. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും പി.വി. അൻവറും പ്രചാരണം തുടരുകയാണ്.


