എപ്പോള്‍ ഘടകക്ഷിയായി പ്രഖ്യാപിക്കുന്നോ അപ്പോള്‍ മുതൽ ആര്യാടൻ ഷൗക്കത്തിന്‍റെ വിജയത്തിനായി പിവി അൻവറും തൃണമൂല്‍ പ്രവര്‍ത്തകരും അരയും തലയും മുറുക്കിയിറങ്ങുമെന്നും തൃണമൂര്‍ ചീഫ് കോഡിനേറ്റര്‍ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

മലപ്പുറം: യുഡിഎഫിൽ ഇനി തൃണമൂല്‍ കോണ്‍ഗ്രസിന് അസോസിയേറ്റ് മെമ്പർഷിപ്പ് വേണ്ടെന്നും ഘടകകക്ഷിയായി തന്നെ ഉൾപ്പെടുത്തണമെന്നും അല്ലാത്തപക്ഷം അൻവർ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് കോഡിനേറ്റര്‍ സജി മഞ്ഞക്കടമ്പിൽ. അൻവറിന്‍റെ പരാമർശങ്ങൾ മറക്കാനും പൊറുക്കാനുമുള്ള ബാധ്യതയും യുഡിഎഫിനുണ്ടെന്നും മഞ്ഞക്കടമ്പിൽ പറഞ്ഞു. പിണറായിക്കെതിരെ യുദ്ധം ചെയ്യാൻ ഇറങ്ങിയ പി.വി. അൻവർ ഒപ്പം വേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചാൽ അൻവർ മത്സരത്തിന് ഇറങ്ങുകയും ചെയ്യും. വിജയിക്കുകയും ചെയ്യും. 

യുഡിഎഫിന്‍റെ ഘടകക്ഷിയാക്കണമെന്ന ആവശ്യത്തിൽ തൃണമൂല്‍ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം ആദ്യം മുതലേ പിവി അൻവര്‍ നേതാക്കളെ കണ്ട് ആവശ്യപ്പെട്ടതാണ്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷവും തീരുമാനമെടുത്തിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയാക്കുന്നതിന് യുഡിഎഫ് നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ തര്‍ക്കം ഉണ്ടായപ്പോള്‍ മാത്രമാണ് ഘടകക്ഷിയാക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നുവെന്ന് അവര്‍ പറയുന്നത്.

എപ്പോള്‍ ഘടകക്ഷിയായി പ്രഖ്യാപിക്കുന്നോ അപ്പോള്‍ മുതൽ ആര്യാടൻ ഷൗക്കത്തിന്‍റെ വിജയത്തിനായി പിവി അൻവറും തൃണമൂല്‍ പ്രവര്‍ത്തകരും അരയും തലയും മുറുക്കിയിറങ്ങും. പിണറായി വിജയന്‍റെ ഭരണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് നിലമ്പൂരിൽ യുഡിഎഫിനെ വിജയിപ്പിക്കാനാണ് അൻവറിന്‍റെ ശ്രമം. എന്നാൽ, ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം യുഡിഎഫിന്‍റെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്.