നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം സ്വരാജിനെ വഴിയിൽ കണ്ട മുസ്ലിം ലീഗ് എംപി അബ്ദുൾ വഹാബ് അഭിവാദ്യം ചെയ്ത വീഡിയോ വൈറലാകുന്നു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും ഇരുവരും പുലർത്തിയ മര്യാദയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോരാട്ടം പൊടി പാറുകയാണ്. ഇടതു മുന്നണി സ്ഥാനാർഥിയായി സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് എത്തിയതോടെ അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടമാണ് മണ്ഡലത്തിൽ കാണുന്നത്. ഇരു ചേരികളിലുമായി അണികളും നേതാക്കളും ആവേശത്തോടെ അണിനിരക്കുന്നുണ്ട്. അതിനിടയിലാണ് നിലമ്പൂരിൽ നിന്നും ഒരു വീഡിയോ വൈറലായിരിക്കുന്നത്. ഇടത് സ്ഥാനാർഥി എം സ്വരാജിനെ വഴിയിൽ കണ്ടപ്പോൾ മുസ്ലിം ലീഗ് എം പി അബ്ദുൾ വഹാബ് അഭിവാദ്യം ചെയ്യുന്നതാണ് വീഡിയോ. കാറിലുള്ള യാത്രക്കിടെയാണ് വഹാബിന് മുന്നിലൂടെ സ്വരാജിന്‍റെ പ്രചരണ വാഹനമെത്തിയത്. രാഷ്ട്രിയത്തിൽ രണ്ട് ചേരിയാണെങ്കിലും രാഷ്ട്രീയ മര്യാദ പാലിച്ച് വഹാബ്, സ്വരാജിനെ അഭിവാദ്യം ചെയ്ത ശേഷമാണ് മുന്നോട്ട് പോയത്. വീഡിയോ കണ്ടവർ ഇരുവരും പരസ്പരം പാലിച്ച രാഷ്ട്രീയ മര്യാദക്ക് കയ്യടിക്കുകയാണ്.
വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്നലെയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. അൻവറുമായി ബന്ധപ്പെട്ടുള്ള യു ഡി എഫ് രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ് സി പി എം പ്രഗത്ഭനായ നേതാവിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കി ശ്രദ്ധനേടിയത്. രാഷ്ട്രീയ പോരാട്ടത്തതിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് പറഞ്ഞുകൊണ്ടാണ് എം വി ഗോവിന്ദൻ പ്രഖ്യാപനം നടത്തിയത്. എസ് എഫ് ഐ , ഡി വൈ എഫ് ഐ സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എം സ്വരാജ്, സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ് ഇപ്പോൾ. തൃപ്പുണ്ണിത്തുറയിൽ 2016 ൽ കെ ബാബുവിനെ തോൽപ്പിച്ച് എം എൽ എയായ സ്വരാജ് 2021 ലെ പോരാട്ടത്തിൽ പരാജയപ്പെട്ടിരുന്നു. സ്വരാജിന്‍റെ സ്ഥാനാർഥിത്വം ഇടതുക്യാമ്പുകളെയാകെ ആവേശത്തിലാക്കിയിട്ടുണ്ട്. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാണെന്നും സ്വരാജ് നിലമ്പൂരിൽ സർവ സമ്മതനാണെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്. കേരളത്തിലെ എൽ ഡി എഫ് സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബന്ധതയുമുണ്ടെന്നും ഇത് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നുമാണ് എൽ ഡി എഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പ്രതികരിച്ചത്. എൽ ഡി എഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്നും എം സ്വരാജ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.


