ആളുകളുള്ള പാർട്ടിയിൽ പ്രവർത്തിക്കാനാണ് താല്പര്യമെന്നും മോഹൻ ജോര്‍ജ് പറഞ്ഞു.
മലപ്പുറം: നിലമ്പൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ച അഡ്വ. മോഹൻ ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് അംഗത്വം കൈമാറി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി ഷൈജു ചെറിയാനും ചടങ്ങിൽ അംഗത്വം സ്വീകരിച്ചു. മോഹൻ ജോർജ് വികസിത നിലമ്പൂരിന്‍റെ പടത്തലവനാകുമെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് കേരളത്തെ നശിപ്പിച്ചുവെന്നും അഴിമതിയുടെ ചരിത്രം അവസാനിപ്പിക്കാൻ കേരളത്തിൽ മാറ്റം വേണമെന്നും എസ് സുരേഷ് പറഞ്ഞു.
ബിജെപിയിലേക്ക് വരാൻ ക്രിസ്ത്യാനികൾക്ക് യാതൊരു മടിയുമില്ലെന്ന് അംഗത്വം സ്വീകരിച്ചശേഷം അഡ്വ. മോഹൻ ജോര്‍ജ് പറഞ്ഞു. കേരള കോൺഗ്രസ് നാലോ അഞ്ചോ പേരുടെ പിടിയിലാണ്. താൻ കേരള കോൺഗ്രസ് അല്ലെന്നാണ് മോൻസ് ജോസഫ് പറഞ്ഞത്. താൻ ആ പാർട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. ആളുകളുള്ള പാർട്ടിയിൽ പ്രവർത്തിക്കാനാണ് താല്പര്യമെന്നും മോഹൻ ജോര്‍ജ് പറഞ്ഞു.
മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്‍റെ പ്രതിനിധിയായാണ് അഡ്വ. മോഹൻ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവർത്തിച്ചയാളാണ് ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനായ മോഹൻ ജോർജ് ബിജെപി അംഗത്വമെടുത്താണ് സ്ഥാനാര്‍ത്ഥിയാകുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സമിതി അംഗമായിരിക്കെയാണ് ബിജെപിയിലേക്കുള്ള മാറ്റം.
നിലമ്പൂരിൽ ശക്തമായ മത്സരമുണ്ടാകുമെന്നും ജനങ്ങൾ മാറി ചിന്തിക്കുമെന്നും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പ്രതികരിച്ചു. നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗമാണ്. ബിജെപി സംസ്ഥാന നേതാക്കൾ നേരിട്ട് ബന്ധപ്പെട്ടു. ബിജെപിയ്ക്ക് മണ്ഡലത്തിൽ വലിയ സാധ്യതയുണ്ട്.എല്ലാ വിഭാഗം ആളുകളുടെയു വോട്ട് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.



