മത്സരിക്കുമെന്ന് ഇന്നോ നാളെയോ അന്‍വര്‍ പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 9 മണിക്ക് അന്‍വര്‍ മാധ്യമങ്ങളെ കാണും.
മലപ്പുറം: നിലമ്പൂരിൽ അനുനയത്തിന് തയ്യാറാകാതെ പി വി അൻവർ. പിവി അൻവറുമായി യുഡിഎഫിന് ഇനിയും സമവായത്തിൽ എത്താൻ ആയില്ല. മത്സരിക്കുമെന്ന് ഇന്നോ നാളെയോ അന്‍വര്‍ പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 9 മണിക്ക് അന്‍വര്‍ മാധ്യമങ്ങളെ കാണും. അസോസിയേറ്റ് അംഗമാക്കാനുള്ള തീരുമാനം വൈകിപ്പോയെന്നാണ് യുഡിഎഫിൽ വിലയിരുത്തൽ. പ്രശ്നം വഷളായതിൽ ലീഗിനും അതൃപ്തിയുണ്ട്.
അതേസമയം, നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്കാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പത്തരയ്ക്ക് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്വരാജിന് വലിയ സ്വീകരണമാണ് ഇടതുമുന്നണി പ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്കുശേഷം മണ്ഡലത്തിൽ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്.
സ്വതന്ത്രരെയും കോൺഗ്രസുകാരെയും തേടി നടന്ന് കിട്ടാതായതോടെ, ഗതികേട് കൊണ്ടാണ് സിപിഎം സ്വരാജിനെ സ്ഥാനാർത്ഥിയാക്കിയതെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മറുപടി അർഹിക്കുന്നില്ലെന്ന് എം സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇത്തരം വിമർശനം ഉന്നയിക്കുന്നവർ സ്വയം പരിഹാസ്യരാകും. കേരള ജനതയുടെ ഇച്ഛയുടെ പ്രതിഫലനമായിരിക്കും നിലമ്പൂരിലെ വിധി. സീറ്റ് നിലനിർത്തുമെന്ന കാര്യത്തിൽ നൂറ് ശതമാനം ആത്മവിശ്വാസം ഉണ്ടെന്നും സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


