നിലമ്പൂരിൽ മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ ഭൂരിപക്ഷം പതിനായിരത്തിന് മുകളിലേക്ക് വരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതീക്ഷിച്ച നിലയിലേക്കാണ് കാര്യങ്ങള്‍ വരുന്നത്. നിലമ്പൂരിൽ മികച്ച ഭൂരിപക്ഷത്തോടെ ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചിരിക്കുകയാണ്. നിലമ്പൂരിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിലമ്പൂരിൽ മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

നിലമ്പൂരിൽ 13ാം റൗണ്ട് വോട്ടുകള്‍ എണ്ണി തുടങ്ങിയതോടെ ആര്യാടൻ ഷൗക്കത്തിന്‍റെ ലീഡ് 8000 കടന്നു. വിജയം ഉറപ്പിച്ചുകൊണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ നിലമ്പൂരിലടക്കം ആഘോഷം ആരംഭിച്ചിട്ടുണ്ട്. 12ാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 40593 വോട്ടുകളാണ് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി 48679 വോട്ടുകളുമായി ഏറെ മുന്നിലാണ്. പിവി അൻവര്‍ 13573 വോട്ടുകളാണ് ഇതുവരെ നേടിയത്. ബിജെപിക്ക് 5452 വോട്ടുകളാണ് ഇതുവരെ നേടാനായത്.