Asianet News MalayalamAsianet News Malayalam

പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്‍റെ 3 കൂട്ടാളികൾ പിടിയിൽ

വൈദ്യനെ മൈസൂരുവിൽ നിന്നും തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ അജ്മൽ, ഷബീബ് റഹ്മാൻ, ഷെഫീഖ് എന്നിവരാണ് പിടിയിലായത്. അബുദാബിയിൽ നടന്ന രണ്ട് കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. 

Nilambur murder case 3 accomplices of main accused shaibin ashraf held
Author
Malappuram, First Published Jul 18, 2022, 8:34 AM IST

മലപ്പുറം: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ കൂട്ടാളികൾ ആയ മൂന്ന് പേർ പിടിയിൽ. വൈദ്യനെ മൈസൂരുവിൽ നിന്നും തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ അജ്മൽ, ഷബീബ് റഹ്മാൻ, ഷെഫീഖ് എന്നിവരാണ് പിടിയിലായത്. അബുദാബിയിൽ നടന്ന രണ്ട് കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. ഹാരിസിന്‍റെ ദുരൂഹ മരണത്തിൽ കോടതിയുടെ നിർദേശ പ്രകാരം രണ്ട് ദിവസം മുമ്പ് നിലമ്പൂർ പൊലീസ് കേസെടുത്തിരുന്നു. കേസെടുക്കുന്നത് വൈകുന്നതിനെതിരെ ഹാരീസിന്‍റെ ബന്ധുക്കൾ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.

കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെ ഷൈബിൻ അഷ്‌റഫ്‌ കൊലപ്പടുത്തി എന്ന് ആരോപണം ഉയർന്നിരുന്നു. 2020 ല്‍ അബുദാബിയിലെ ഫ്ലാറ്റിലാണ് ദുരൂഹ സാഹചര്യത്തിൽ ഷൈബിന്റെ ബിസിനസ് പങ്കാളി കൂടിയായ ഹാരിസിനെ മരിച്ച നിലയില്‍ കണ്ടത്. ഹാരിസിന്റെ ബന്ധുക്കളുടെ പരാതിയിൽ കോടതിയുടെ നിർദേശ പ്രകാരം നിലമ്പൂർ പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു.

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം. 

ഒന്നേ കാൽ വ‍ര്‍ഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക്  എറിഞ്ഞു. 

Also Read: ഒന്നേകാൽ വർഷത്തെ നരകയാതന, ശേഷം കൊലപാതകം, പിന്നെ വെട്ടിനുറുക്കി ചാലിയാറിലേക്ക്

പ്രതികൾ ആസൂത്രണം ചെയ്ത പോലെ കൊലപാതക വിവരം പുറത്താരും അറിഞ്ഞില്ലെങ്കിലും ഇരുകൂട്ടരും തമ്മിൽ ഇതിനിടെ തെറ്റിപ്പിരിഞ്ഞു. ഷൈബിനും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയായിരുന്നു തർക്കം. ഇതിനിടയിലാണ് 2022 ഏപ്രിൽ 24-ന് തന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി കൊള്ളനടത്തി എന്ന പരാതിയുമായി ഷൈബിൻ പൊലീസിനെ സമീപിച്ചത്. തന്നെ വീട്ടിൽ ബന്ദിയാക്കി ഏഴ് ലക്ഷം രൂപയും ലാപ്പ്ടോപ്പും മൊബൈലും കവർന്നു എന്നായിരുന്നു പരാതി.  

Also Read: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; കേസിൽ ജയിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യപ്രതി

ഈ കേസിൽ ഷൈബിൻ്റെ മുൻകൂട്ടാളിയായ അഷ്റഫ് എന്നയാളെ പൊലീസ് വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും പിടികൂടി. ഇതിന് തൊട്ടടുത്ത ദിവസമാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ മറ്റു പ്രതികൾ ആത്മഹത്യ നാടകം നടത്തിയത്. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുൽത്താൻ ബത്തേരി സ്വദേശികളായ സക്കീർ, സലിം, നൗഷാദ് എന്നിവരാണ് ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഷാദ്, ഫൈറസ് മുഹമ്മദ് എന്നിവരെയും പൊലീസ് കസ്റ്റഡിലെടുത്തു.  ചോദ്യം ചെയ്യല്ലിൽ തങ്ങൾക്ക് ഷൈബിൻ അഹമ്മദ് എന്നയാളിൽ നിന്നും വധഭീഷണിയുണ്ടെന്ന് ഇവർ പറഞ്ഞു, ഇതേക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞതും മോഷണക്കേസിലെ പരാതിക്കാരനായ ഷൈബിൻ കൊലക്കേസിൽ പ്രതിയായതും. 

Follow Us:
Download App:
  • android
  • ios