വനാതിർത്തി ഗ്രാമങ്ങളിലും കോളനകളിലുമെത്തി സ്വാധീനമുറപ്പിക്കാനുള്ള മാവോയിസ്റ്റ് ശ്രമങ്ങളും അവരെ തുരത്താനുള്ള പൊലീസിന്‍റെ നീക്കങ്ങളും- 2016 മുതലിങ്ങോട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഒമ്പത് മാവോയിസ്റ്റുകളാണ്

വയനാട്: കവിത കൂടി കൊല്ലപ്പെട്ടതോടെ പിണറായി വിജയൻ സർക്കാറിന്‍റെ കാലത്ത് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഒന്‍പതായി. പൊലീസോ സർക്കാറോ ഔദ്യോഗികമായി മാവോയിസ്റ്റ് കമാൻഡർ കവിത കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ തിരുനെല്ലിയിൽ പതിച്ച പോസ്റ്ററിലാണ് അയ്യൻകുന്ന് ഏറ്റുമുട്ടലിൽ കവിത കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തലുള്ളത്.

വനാതിർത്തി ഗ്രാമങ്ങളിലും കോളനകളിലുമെത്തി സ്വാധീനമുറപ്പിക്കാനുള്ള മാവോയിസ്റ്റ് ശ്രമങ്ങളും അവരെ തുരത്താനുള്ള പൊലീസിന്‍റെ നീക്കങ്ങളും- 2016 മുതലിങ്ങോട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഒമ്പത് മാവോയിസ്റ്റുകളാണ്. 2016 നവംബർ 23ന് നിലമ്പൂരിലെ കരുളായിയില്‍ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയംഗം അജിത പരമേശനും വെടിയേറ്റു മരിച്ചു. വ്യാജ ഏറ്റുമുട്ടലെന്ന് ഇടതുമുന്നണിയിലെ ഘടക കക്ഷികൾ വരെ ആരോപിച്ചു.

2019 മാർച്ച് 6ന് വൈത്തിരി ഉപവൻ റിസോർട്ടിൽ ഏറ്റുമുട്ടലുണ്ടായി. സി പി ജലീൽ ആണ് കൊല്ലപ്പെട്ടത്. അതേ വർഷം ഒക്ടോബർ 28ന് അട്ടപ്പാടി മഞ്ചക്കണ്ടയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും നേർക്കുനേർ എത്തിയപ്പോള്‍ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് നാലു മാവോയിസ്റ്റുകളാണ്- തമിഴ്നാട് സ്വദേശികളായ രമ, അരവിന്ദ്, മണിവാസകം, കാര്‍ത്തി എന്നിവര്‍. തൊട്ടടുത്ത വർഷം വീണ്ടും ഏറ്റുമുട്ടൽ കൊലയുണ്ടായി. 2020 നവംബർ 3ന് പടിഞ്ഞാറത്തറ ബപ്പനം മലയിൽ വേൽമുരുകൻ കൊല്ലപ്പെട്ടു. ബാണാസരു ദളത്തിന്‍റെ ഭാഗമായിരുന്നു വേൽമുരുകൻ.

ഒടുവിൽ വെടിയുണ്ട ജീവനെടുത്തത് കവിതയുടേതാണ്. 2023 നവംബർ 13നാണ് വെടികൊണ്ടതെന്ന് മാവോയിസ്റ്റുകൾ പറഞ്ഞു. അന്ന് രണ്ടു പേർക്ക് വെടിയേറ്റിരുന്നു എന്നാണ് തണ്ടർ ബോൾട്ട് വിശദീകരണം. അതിലൊരാൾ സ്ത്രീയാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. തെരച്ചിലിനിടെ അസ്ഥി കിട്ടിയെന്ന് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അറിയിച്ചു. അത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുകയുണ്ടായി. കവിതയെ ഉൾവനത്തിൽ മറവ് ചെയ്തെന്നാണ് മാവോയിസ്റ്റുകളുടെ പോസ്റ്ററിലുള്ളത്.