തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 68 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് പുതുതായി ഒൻപത് സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ടുകളായി. കണ്ണൂരിൽ രണ്ടും കാസർകോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവും എന്നിങ്ങനെയാണ് കണക്കുകള്‍. പാലക്കാട് മണ്ണാര്‍ക്കാട് മുന്‍സിലിറ്റിയാണ് ഹോട്ട്സ്പോട്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10 പേരുടെ ഫലം ഇന്ന് നെഗറ്റീവ് ആയി. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂർ കൊല്ലം നാല് വീതം, കാസർകോട് ആലപ്പുഴ മൂന്ന് വീതവും പോസിറ്റീവ് ആയി. 27 പേർ വിദേശത്ത് നിന്ന് വന്നു. തമിഴ്നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കർണാടക 2, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്പർക്കം മൂലം ഏഴ് പേർക്കും രോഗം പിടിപെട്ടു.963 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

415 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ളത് 104333 പേർ. 103528 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ ആണ്. 808 പേർ ആശുപത്രികളിൽ. ഇന്ന് 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56704 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 54836 എണ്ണത്തിൽ രോഗബാധയില്ല. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 8599 സാമ്പിളുകൾ ശേഖരിച്ചതിൽ 8174 എണ്ണം നെഗറ്റീവാണ്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം സഹോദരങ്ങൾ വരാൻ തുടങ്ങിയതോടെ കേരളം കൊവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ നടപടികൾ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണത്തിനും എംപിമാരോടും എംഎൽഎമാരോടും വീഡിയോ കോൺഫറൻസ് നടത്തി. സർക്കാർ നടപടികൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പിന്തുണ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.