ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
കൊല്ലം: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണു മരിച്ചത്. കഴിഞ്ഞ മാർച്ചിൽ കുട്ടിക്ക് നായയുടെ നഖം കൊണ്ട് പോറലേറ്റിരുന്നു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകുകയോ പോകുകയോ പ്രതിരോധ കുത്തിവെപ്പെടുക്കുകയോ ചെയ്തിരുന്നില്ല. രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലർച്ചെയോടെ കുട്ടി മരണത്തിന് കീഴടങ്ങി. നായയുടെ കടിയേറ്റ കുട്ടിയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മുത്തച്ഛൻ ചെല്ലപ്പൻ, മുത്തശ്ശി ലീല എന്നിവർഅസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ചെല്ലപ്പനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. നാലാം ക്ലാസ് വിദ്യാർഥിയാണു മരിച്ച ഫൈസൽ. ഏഴാം മൈൽ സെന്റ് തോമസ് സ്കൂളിലാണ് പഠിക്കുന്നത്. അമ്മയുടെ ബന്ധുക്കൾക്കൊപ്പമായിരുന്നു ഫൈസൽ താമസിച്ചിരുന്നത്.
തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
തൃശ്ശൂർ: തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് മധ്യവയസ്കൻ മരിച്ചു. പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെസ്റ്റ്നൈൽ ആണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പാണഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊതുകിൽ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈൽ പനി. മരിച്ച ജോബിയിൽ നിന്ന് നിലവിൽ മറ്റാരിലേക്കും രോഗം പകർന്നിട്ടില്ല. കൂടുതൽ പേരെ പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് ഇന്നലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയിരുന്നു. പ്രദേശത്ത് രോഗം പരത്തുന്ന ക്യൂലെക്സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പതിനേഴിനാണ് ജോബിയിൽ രോഗലക്ഷണം കണ്ടെത്തിയത്. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരു മാസത്തിനടുത്ത് നീണ്ട ചികിത്സക്ക് ശേഷവും രോഗം കണ്ടെത്താനായില്ല. 2 ദിവസം മുമ്പ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. എട്ടര ലക്ഷം രൂപ ചികിത്സക്കായി ഈടാക്കിയ സ്വകാര്യ ആശുപത്രിയാണ് ജോബിയുടെ മരണത്തിന് കാരണക്കാരെന്ന് കുടുംബം ആരോപിച്ചു
