നിപ: ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചത് 5162 വീടുകൾ, 51 പേർക്ക് പനിബാധ, ആർക്കും നിപ രോഗികളുമായി ബന്ധമില്ല
രോഗികളുമായുള്ള സമ്പർക്ക പട്ടികയിൽ 950 പേർ. ഇന്ന് മാത്രം 30 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. നാളെ മുതൽ കോഴിക്കോട് മൊബൈൽ യൂണിറ്റിൽ പരിശോധന തുടങ്ങാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷയിൽ ആരോഗ്യ വകുപ്പ്.

കോഴിക്കോട്: നിപ ബാധിത പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചത് 5162 വീടുകൾ. 51 പേർക്ക് പനിബാധയുണ്ടെങ്കിലും ഇവർക്ക് നിപ രോഗികളുമായി ബന്ധമില്ല. രോഗികളുമായുള്ള സമ്പർക്ക പട്ടികയിൽ 950 പേരുണ്ട്. ഇന്ന് മാത്രം 30 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ ഭൂരിഭാഗവും ആരോഗ്യ പ്രവർത്തകരുടെ സാമ്പിളുകളാണ്. നാളെ മുതൽ കോഴിക്കോട് മൊബൈൽ യൂണിറ്റിൽ പരിശോധന തുടങ്ങാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.
നിലവിൽ 2 പേർക്ക് രോഗലക്ഷണമുണ്ട്. കോഴിക്കോട് തിരുവള്ളൂർ പഞ്ചായത്തിലെ 7, 8 , 9 വാർഡുകൾ കണ്ടെയൻമെന്‍റ് സോണുകളാണ്. ആരോഗ്യസംഘം വവ്വാലുകളിലും പരിശോധന നടത്തും. അതേസമയം ആഗസ്റ്റ 29 ന് ഇക്ര ആശുപത്രിയിൽ പുലർച്ചെ 2.15 - 3.45 നും എത്തിയവർ കണ്ട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിപ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എന്‍.ഐ.വി. പൂനെയുടെ മൊബൈല്‍ ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ടീമും എത്തുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന്‍ കെ.എം.എസ്.സി.എല്‍.ന് മന്ത്രി നിര്‍ദേശം നല്‍കി.