Asianet News MalayalamAsianet News Malayalam

നിപ ജാഗ്രത; നേഴ്സുമാര്‍ ഉൾപ്പെടെ 4 പേര്‍ നിരീക്ഷണത്തിൽ, ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി

സ്ഥിതി ഗുരുതരമാണെങ്കിലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. രോഗ വ്യാപനം തടയാനും രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള നടപടി എടുത്തിട്ടുണ്ട്. ഭയമല്ല വേണ്ടത് ജാഗ്രതയാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. 

nipah prevention health minister press meet
Author
Kochi, First Published Jun 4, 2019, 10:00 AM IST

കൊച്ചി: നിപ ബാധ സംശയിക്കുന്ന സാഹചര്യത്തിൽ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയെന്ന്  ആരോഗ്യമന്ത്രി കെകെ ശൈലജ. സ്ഥിതി ഗുരുതരമാണെങ്കിലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. രോഗ വ്യാപനം തടയാനും രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും നടപടി എടുത്തിട്ടുണ്ട്. ഭയമല്ല വേണ്ടത് ജാഗ്രതയാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വിശദീകരിച്ചു. 

കൊച്ചി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപയെന്ന് സ്ഥിരീകരിച്ച്  പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫലം വന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയാനുള്ള നടപടികളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രോഗ ബാധ കണ്ടെത്തിയ വിദ്യാര്‍ത്ഥിയുടെ സുഹൃത്തിനും പനിയുണ്ട്. ഇയാളെ ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റും. ഇയാളെ കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാര്‍ഡിലാണ് പ്രവേശിപ്പിക്കുന്നത്. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലടക്കം മൂന്നിടത്തേക്ക് സാമ്പിളുകൾ ഇന്ന് അയക്കും.

  ആദ്യഘട്ടത്തിൽ രോഗിയെ പരിചരിച്ച രണ്ട് നേഴ്സുമാര്‍ക്ക് പനിയുടെ ലക്ഷണമുണ്ട്. നേരിയ പനിയും തൊണ്ടയിൽ അസ്വസ്ഥതയുള്ള അവരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ തവണ ഓസ്ട്രേലിയയിൽ നിന്ന് എത്തിച്ച മരുന്ന് സ്റ്റോക്ക് ഉണ്ട്. മരുന്ന് ഉപയോഗിക്കുന്നതിനുള്ള പരിശീലനം നേടിയ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ട്. നിലവിൽ ലഭ്യായ മികച്ച മരുന്നും ചികിത്സയും ഉറപ്പാക്കാനായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

പനിയോ ബന്ധപ്പെട്ട അസുഖങ്ങളോ ശ്രദ്ധയിൽ പെട്ടാലുടൻ ചികിത്സ തേടണം. വവ്വാൽ ഉൾപ്പെടെയുള്ള ജീവികൾ കടിച്ച പഴങ്ങൾ കഴിക്കരുത്. സംശയകരമായ സാഹചര്യമുണ്ടെങ്കിൽ വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ വൃത്തിയാക്കിയ ശേഷം ആഹാരം കഴിക്കുക തുടങ്ങിയ മുൻകരുതലുകൾ വേണം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios