കൊച്ചി: വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത കേസിൽ അറസ്റ്റിലായ നിപുൺ ചെറിയാൻ ജയിൽ മോചിതനായി. ഇന്നലെ എറണാകുളം സെഷൻസ് കോടതി നിപുണിന് ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് നിപുണിന് ജാമ്യം അനുവദിച്ചത്. വി ഫോർ കേരള ക്യാംപെയ്ൻ കൺട്രോളറാണ് നിപുൺ ചെറിയാൻ. 

ജയിലിൽ നിന്ന് ഇറങ്ങിയ നിപുണിനെ സ്വീകരിക്കാൻ വി ഫോർ കേരള പ്രവർത്തകർ എത്തിയിരുന്നു. പൂമാലയണിയിച്ചാണ് നിപുണിനെ പ്രവർത്തകർ സ്വീകരിച്ചത്. സർക്കാർ പകപോക്കുകയായിരുന്നുവെന്ന് നിപുൺ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പ്രതികരിച്ചു. 

അനധികൃതമായി പാലം തുറന്നതിന് ആറാം തീയതി അറസ്റ്റിലായ ഏഴ് പ്രതികളിൽ നിപുൺ ഒഴികെയുള്ള ആറ് പേർക്കും എറണാകുളം സിജെഎം കോടതി നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു. പാലത്തിന്‍റെ ഉദ്ഘാടനത്തിന് മുമ്പേ ഒന്നാം പ്രതിക്ക് ജാമ്യം നൽകുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നിപുണിന്‍റെ ജാമ്യാപേക്ഷ അന്ന് തള്ളിയത്. തേവരയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് നിപുൺ ചെറിയാൻ വീണ്ടും മറ്റൊരു കുറ്റം ആവർത്തിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ അന്നത്തെ പ്രധാന വാദം.

പൊതുമുതൽ നശിപ്പിക്കുക, സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ സംഘടിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നിപുൺ അടക്കമുള്ള ഏഴ് പ്രതികൾക്കെതിരെ മരട് പൊലീസ് കേസെടുത്തത്‍. പതിനാറായിരം രൂപ വിലയുള്ള 11 ബാരിക്കേഡുകൾ പ്രതികൾ നശിപ്പിച്ചെന്നും, ഇത് വഴി ഒരുലക്ഷത്തി എഴുപത്തിയാറായിരം രൂപ നഷ്ടം സംഭവിച്ചെന്നും ചൂണ്ടിക്കാട്ടിയുള്ള രേഖകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. 

ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്ന് കൊടുക്കാൻ ശ്രമിച്ച വി ഫോർ കേരളയ്‍ക്കെതിരെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും രംഗത്തെത്തിയിരുന്നു.