കൊല്ലം: ബൈപാസിലെ അപകടങ്ങൾ പരിശോധിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നിർദ്ദേശം. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കൊല്ലം ബൈപ്പാസില്‍ അപകടങ്ങള്‍ പതിവായത് കേരള എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇതേക്കുറിച്ച് പരിശോധിക്കാന്‍ ഗഡ്കരി നിര്‍ദേശം നല്‍കിയത്. ദേശീയപാത അതോറിറ്റി അംഗം ആര്‍കെ പാണ്ഡെയോടാണ് ഇക്കാര്യം പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.

കൊല്ലം ബൈപ്പാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതും നിരവധി പേര്‍ മരണപ്പെട്ടതും ആളെക്കാെല്ലും കൊല്ലം ബൈപ്പാസ് എന്ന പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ജനശ്രദ്ധയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ബി നൗഷാദ് എംഎല്‍എ ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും കൊല്ലം ബൈപ്പാസിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും വിഷയം ലോക്സഭയില്‍ ഉന്നയിച്ചിരുന്നു.