തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ഉമ്മൻചാണ്ടി സജീവമാകണമെന്ന മുറവിളികൾക്കിടെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് പദവിയിലേക്കും ഉമ്മൻചാണ്ടിയെ സ്വാഗതം ചെയ്യുകയാണ്.

കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. നിയമസഭ തിരഞ്ഞെടുപ്പില്‍ ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍റ് ആണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഉമ്മൻചാണ്ടി നേതൃനിരയിൽ കൂടുതൽ സജീവമാകണമെന്ന നിര്‍ദ്ദേശങ്ങൾ ഘടകക്ഷികളിൽ നിന്ന് വരെ സജീവമായി ഉയര്‍ന്ന പശ്ചാത്തലത്തിൽ കൂടിയാണ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഹൈക്കമാന്‍റ് നേരിട്ടാണ് കേരളത്തിൽ നിയന്ത്രിക്കുന്നത്. ഇത് സംബന്ധിച്ച രണ്ടാം ഘട്ട ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങളിലെ ഭാരവാഹികളെയും നേതാക്കൾ ഏഴാം തീയതി മുതൽ കാണും. 

ഗ്രൂപ്പ് ആധിപത്യമാണ് പാര്‍ട്ടിയുടെ ദയനീയ തോല്‍വിക്ക് കാരണമെന്ന് രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ വരെ പരാതിപ്പെട്ട സാഹചര്യത്തിലാണിത്. പരസ്യപ്പോരിനെതിരെ ഘടകക്ഷികളും ശക്തമായ നിലപാട് എടുത്തതോടെ കടിഞ്ഞാൺ ഹൈക്കമാൻഡ് ഏറ്റെടുത്തു. സ്ഥാനാർത്ഥി നിർണ്ണയം പ്രഥമികഘട്ടം മുതൽ ഹൈക്കമാൻഡ് നിയന്ത്രണത്തിലായിരിക്കും.