തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമഭേദഗതിക്കെതിരായ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളമനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകുമെന്ന പ്രതീക്ഷയിൽ സര്‍ക്കാര്‍ .അടിയന്തിര സാഹചര്യം ഗവർണ്ണറെ ബോധ്യപ്പെടുത്തിയെന്നും ഉടൻ അനുമതി കിട്ടുമെന്നും കൃഷിമന്ത്രി വിഎസ് സുനിൽകുമാര്‍ പറഞ്ഞു.  പ്രത്യേക നിയമസഭസമ്മേളനത്തിന് ആദ്യം അനുമതി തേടിയ രീതിയോട് കടുത്ത അതൃപ്തി  പ്രകടിപ്പിച്ചെങ്കിലും മന്ത്രിമാർ നേരിട്ട് കണ്ടതോടെ ഗവർണർ വഴങ്ങുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. 31ന് സഭചേരാൻ അനുമതി തേടി അയച്ച ഫയലിലും കാർഷിക നിയമഭേദഗതി കർഷകർക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് വിശദമായി എഴുതിയിരുന്നു.

സർക്കാർ പ്രതീക്ഷയോടെ രാജ്ഭവനെ നോക്കുമ്പോൾ സിപിഎം ഗവർണ്ണറെ രൂക്ഷമായി വിമർശിക്കുകയാണ്. ഗവര്‍ണര്‍ കേന്ദ്ര ഏജന്‍റായി പെരുമാറുകയാണെന്ന് എംഎ ബേബി തുറന്നടിച്ചു. സംസ്ഥാന സർക്കാർ മിതത്വം പാലിച്ചത് കൊണ്ടാണ് തർക്കം രൂക്ഷമാകാത്തതെന്നും ബേബി പറഞ്ഞു.

തുടര്‍ന്ന് വായിക്കാം: ഗവര്‍ണര്‍ പാലിക്കുന്നത് ആര്‍എസ്എസ് നിര്‍ദ്ദേശങ്ങൾ; കേന്ദ്ര ഏജന്‍റെന്ന് എംഎ ബേബി...

അതേസമയം പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ് ബിജെപി. ഗവര്‍ണര്‍ക്ക് നൽകാൻ സര്‍ക്കാരിന് മറുപടി ഇല്ലാതായെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനംകുത്തും പോലെ ആണ് സര്‍ക്കാര്‍ നിലപാടെന്നാണ് വി മുരളീധരന്‍റെ വിമര്‍ശനം

'ഏതോ സംസ്ഥാനത്തിന് വേണ്ടി ഇവിടെ സഭ ചേരുന്നത് എന്തിന്'? പ്രത്യേക സഭാ സമ്മേളനത്തിന് എതിരെ വി മുരളീധരൻ...

പ്രശ്നത്തിൽ കേന്ദ്രസർക്കാറിന് ഇടപെടേണ്ട ആവശ്യമില്ലാത്തതിനാൽ വി മുരളീധരന് മറുപടി നൽകുന്നില്ലെന്ന് സുനിൽകുമാർ. എന്നാൽ ഗവർണ്ണർ ഉന്നയിച്ച ആരോപണങ്ങളാണ് പറഞ്ഞതെന്ന് വി മുരളീധരൻ വിശദീകരിച്ചു. പന്ത് ഗവർണറുടെ കോർ‍ട്ടിലായിരിക്കെ ഫയലുകൾ പരിശോധിക്കുകയാണെന്നാണ് രാജ്ഭവൻ വിശദീകരണം