Asianet News MalayalamAsianet News Malayalam

കെപിസിസി ട്രഷററുടെ 'അസ്വാഭാവിക മരണത്തിലെ' പരാതിക്ക് പിന്നില്‍ വ്യക്തിവിരോധം, നടപടിയെടുക്കാതെ നേതൃത്വം

വി പ്രതാപചന്ദ്രന്‍ മരിച്ചത് രണ്ടു നേതാക്കളുടെ മാനസിക പീഡനമാണെന്ന് ആരോപിച്ച് മകനാണ് പരാതി നല്‍കിയത്. വ്യക്തിവിരോധം തീർക്കാൻ സംഘടനാ ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണനടക്കമുള്ള നേതാക്കൾ പ്രതാപചന്ദ്രന്‍റെ  മകനെ കരുവാക്കിയെന്നാണ് റിപ്പോർട്ട്

 

no action on kpcc report on treasurer death
Author
First Published Dec 13, 2023, 12:20 PM IST

തിരുവനന്തപുരം: കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻറെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ചുള്ള മകൻറെ പരാതിക്ക് പിന്നില്‍ സംഘടനാ ജനറല്‍ സെക്രട്ടറിയടക്കമുള്ള നേതാക്കളെന്ന് അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട്. വ്യക്തിവിരോധം തീർക്കാൻ സംഘടനാ ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനടക്കമുള്ള നേതാക്കൾ പ്രതാപചന്ദ്രന്‍റെ മകനെ കരുവാക്കിയെന്നാണ് റിപ്പോർട്ട്. കെപിസിസി പ്രസിഡണ്ടിൻറെ അനുനായികളെ കുടുക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ട് കിട്ടി മാസങ്ങൾ പിന്നിട്ടിട്ടും നേതൃത്വം  നടപടി എടുത്തിട്ടില്ല.

കെപിസിസി ട്രഷററായിരുന്ന വി പ്രതാപചന്ദ്രന്‍ മരിച്ചത് കഴിഞ്ഞ ഡിസംബര്‍ 20 ന്. മരണത്തിന് കാരണം പാര്‍ട്ടിയിലെ തന്നെ രണ്ടു നേതാക്കളുടെ മാനസിക പീഡനമാണെന്ന് ആരോപിച്ച് മകന്‍ കെപിസിസി പ്രസിഡന്‍റിന് പരാതി നല്‍കിയത് ഡിസംബര്‍ 29 ന്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാറും ജി സുബോധനും അന്വേഷണം പൂര്‍ത്തിയാക്കി കെപിസിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതര കണ്ടെത്തലുകള്‍

1. ആരോപണ വിധേയരായ പ്രമോദ് കോട്ടപ്പള്ളി, രമേശ് കാവില്‍ എന്നിവര്‍ക്ക് മരണവുമായി യാതോരു ബന്ധവുമില്ല
2. സംഘടനാ ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണനും സംഘവും കെട്ടിച്ചമച്ച കഥയാണ് മരണത്തിന് പിന്നിലെ മാനസിക പീഡനം
3. രാധാകൃഷ്ണന് പുറമെ ആര്‍വി രാജേഷ്, വിനോദ് കൃഷ്ണന്‍ എന്നീ നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ട്
4. കെപിസിസിയില്‍ ജീവനക്കാരനായിരുന്ന അജിത് കുമാറും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു
5. ഈ നേതാക്കളുടെ നിര്‍ബന്ധം കൊണ്ടാണ് പരാതി നല്‍കിയതെന്നാണ് പ്രതാപചന്ദ്രന്‍റെ മകന്‍ പ്രജിത്തിന്‍റെ വിശദീകരണം
6. കെപിസിസി ഓഫിസിലെ ഈഗോ ക്ലാഷാണ് ഈ വ്യാജപരാതിക്ക് പിന്നില്‍

സംഘടനാ ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍റെ കെപിസിസി ഓഫിസിലെ സഹായായിരുന്നു മുന്‍ ഡിവൈഎഫ്ഐ നേതാവായിരുന്ന അജിത്. അജിത്തും ആരോപണവിധേയനായ പ്രമോദ് കോട്ടപ്പള്ളിയുമായി കെപിസിസി ഓഫിസില്‍ വച്ച് കയ്യാങ്കളിയില്‍ എത്തിയിരുന്നു. ഇതിന്‍റെ വാശിയിലാണ് ടിയു രാധാകൃഷ്ണന്‍റെ സംഘം  പ്രമോദ് കോട്ടപ്പള്ളിയെയും രമേശ് കാവിലിനെയും കുടുക്കാന്‍ കള്ളക്കഥയുമായി ഇറങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമായി അടുപ്പമുള്ള രണ്ട് നേതാക്കളെ പാര്‍ട്ടി ഓഫിസില്‍ നിന്ന് പുകച്ചുപുറത്തു ചാടിക്കാന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയും അദ്ദേഹവുമായി അടുപ്പമുള്ള രണ്ട് യുവ നേതാക്കളും അടങ്ങുന്ന സംഘം നടത്തിയ ഗൂഡാലോചന. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ കള്ളക്കഥയ്ക്ക് പിന്നില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി തന്നെയെന്ന് അറിഞ്ഞിട്ടും റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ് കോണ്‍ഗ്രസ് നേതൃത്വം

Latest Videos
Follow Us:
Download App:
  • android
  • ios