ക്യാൻസർ രോഗിയായ ഷേർലി ആൽബര്‍ട്ടിന്‍റെ ഭൂമിയാണ് മുൻ ഭർത്താവ് വ്യാജപ്പട്ടയമുണ്ടാക്കി വിറ്റത്. ഭൂമി ഏറ്റെടുത്ത് നൽകാൻ ജില്ലാ കളക്ടർക്കും പീരുമേട് തഹസിൽദാർക്കുമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
ഇടുക്കി: വാഗമണ്ണിൽ ഉടമ അറിയാതെ വ്യാജപ്പട്ടയം ചമച്ച് വിൽപ്പന നടത്തിയ ഭൂമി തിരികെ ഏറ്റെടുത്ത് നൽകണമെന്ന് ഹൈക്കോടതി (High Court) ഉത്തരവിട്ട് നാലുമാസം കഴിഞ്ഞിട്ടും നടപടിയൊന്നുമായില്ല. ക്യാൻസർ രോഗിയായ ഷേർലി ആൽബര്‍ട്ടിന്‍റെ ഭൂമിയാണ് മുൻ ഭർത്താവ് വ്യാജപ്പട്ടയമുണ്ടാക്കി വിറ്റത്. ഭൂമി ഏറ്റെടുത്ത് നൽകാൻ ജില്ലാ കളക്ടർക്കും പീരുമേട് തഹസിൽദാർക്കുമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. വാഗമണ്ണിൽ ഷേർലി ആൽബർട്ടിനും സഹോദരിക്കും സഹോദരി ഭർത്താവിനുമായി 34 ഏക്കർ ഭൂമിയാണുണ്ടായിരുന്നത്. ഇതിൽ പത്തേക്കർ 52 സെന്‍റ് സ്ഥലം ഷേർലിയുടേതാണ്.
ക്യാൻസർ ബാധിതയായ ഇവരിപ്പോൾ കൊച്ചി ഇടപ്പള്ളിയിലാണ് താമസം. മുൻ ഭർത്താവ് ജോളി സ്റ്റീഫനുമായി പിരിഞ്ഞതിനെ തുടർന്ന് ഭൂമി ഇയാൾ സ്വന്തമാക്കി. പിന്നീട് സർക്കാർ ഭൂമിക്കുൾപ്പടെ വ്യാജപ്പട്ടയമുണ്ടാക്കി ജോളി സ്റ്റീഫന്‍ വിൽപ്പന നടത്തി. ഷേർലി നൽകിയ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ വ്യാപകമായി വ്യാജപ്പട്ടയം ചമച്ച് കോടിക്കണക്കിന് രൂപയുടെ ഭൂമി വിൽപ്പന നടത്തിയതായി കണ്ടെത്തി. തന്‍റെ പേരിലുള്ള ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഷേർലി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ഒക്ടോബർ 27 ന് മൂന്ന് മാസത്തിനുള്ളിൽ നടപടി സ്വകരിക്കാൻ കോടതി ഇത്തരവിട്ടു. എന്നാൽ കയ്യേറ്റക്കാരെ സഹായിക്കാൻ റവന്യൂ വകുപ്പ് നടപടികൾ വൈകിപ്പിക്കുകയാണ്. ഷേർലിയുടെ കൈവശമിരുന്ന ഭൂമിയിലും ഇപ്പോൾ വൻകിട റിസോർട്ടുകളിലൊന്നിന്‍റെ നിർമ്മാണം പുരോഗമിക്കുകയാണ്.
ഇവിടുത്തെ പന്ത്രണ്ട് പട്ടയങ്ങൾ മുൻ കളക്ടർ റദ്ദാക്കായിരുന്നു. എന്നിലിവിടെല്ലാം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൻകിട റിസോർട്ടുകൾ നിർമ്മാണം പൂർത്തിയാക്കി. നടപടികളിൽ കാലതാമസം വരുത്തുന്ന കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ചീഫ് സെക്രട്ടറിക്കും റവന്യൂ മന്ത്രിക്കും ഷേർലി പരാതി നൽകിയിട്ടുണ്ട്. അതേസമയം ഹിയറിംഗ് നടപടികൾ ഇപ്പോഴും തുടരകയാണെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്.
