Asianet News MalayalamAsianet News Malayalam

ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന

ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന

No alcohol element found in the blood of sriram in chemical test
Author
Trivandrum, First Published Aug 4, 2019, 8:56 PM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരണപ്പെട്ട കേസില്‍ ഐഎഎസ് ഓഫീസറും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധനഫലത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇങ്ങനെയൊരു ഫലമുള്ളത്. 

രക്തപരിശോധനയുടെ റിപ്പോര്‍ട്ട് നാളെ കൈമാറും. ബഷീറിന്‍റെ മരണത്തിലേക്ക് നയിച്ച അപകടം കഴിഞ്ഞ് 9 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്‍റെ രക്തപരിശോധന നടത്തിയത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്‍റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

അപകടം കഴിഞ്ഞ് അധികം വൈകാതെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിന് മദ്യത്തിന്‍റെ സാന്നിധ്യം രക്തത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള മരുന്ന് നല്‍കിയിരുന്നോ എന്ന സംശയവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന മനപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്‍റെ പേരില്‍ നിലനില്‍ക്കുന്ന കുറ്റം. 

അതേസമയം റിമാന്‍ഡിലായിട്ടും കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്രറൂമില്‍ തുടരുകയായിരുന്ന ശ്രീറാമിനെ ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെ ആശുപത്രിയിലെത്തിയ മ്യൂസിയം പൊലീസ് ആശുപത്രി ആംബുലന്‍സില്‍ ശ്രീറാമിനെ പൂജപ്പുര സബ് ജയിലിലെത്തിച്ചു.

ഇവിടെ നിന്നുമാണ് ശ്രീറാമിനെ മെഡി.കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോകാന്‍ തീരുമാനിച്ചത്. കേസില്‍ ശ്രീറാം നല്‍കിയ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios