കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജികൾ തള്ളി. ഇഡി, കസ്റ്റംസ് കേസുകളിലെ മുൻകൂർ ജാമ്യ ഹർജികളാണ് തള്ളിയത്. ഹൈക്കോടതിയാണ് ജാമ്യാപേക്ഷകൾ തള്ളിയത്. ശിവശങ്കർ നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിയതോടെ ശിവശങ്കറിന്റെ അറസ്റ്റിന് തടസ്സമില്ലെന്നാണ് വിലയിരുത്തൽ. 

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന്റെയും ഇഡിയുടെയും വാദങ്ങൾ‌‍‍ അം​ഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജികൾ തള്ളിയത്. കേസിൽ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ കോടതിയെ അറിയിച്ചത്. സ്വർണ്ണക്കടത്തിലും കള്ളപ്പണ ഇടപാടിലും ശിവശങ്കറിന്റെ നിലപാട് എന്തായിരുന്നു എന്നത് ദുരൂഹമാണ്. അതുകൊണ്ട്, കൂടുതൽ ചോദ്യം ചെയ്യലും അന്വേഷണവും വേണം എന്നും അന്വേഷണ ഏജൻസികൾ പറഞ്ഞിരുന്നു. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ല, പല ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നില്ല എന്നും കസ്റ്റംസും ഇഡിയും കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ ശിവശങ്കർ ആശുപത്രി നാടകം കളിച്ചു എന്നും കസ്റ്റംസ് കോടതിയെ ബോധിപ്പിച്ചിരുന്നു. 

അതേസമയം, ഇത്തരമൊരു ജാമ്യഹർജിക്ക് സാധുതയുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. നിയമപരമായി ഈ ഹർജി നിലനിൽക്കുമോ എന്നതാണ് ചോദ്യം. രാജ്യവിരുദ്ധ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിൽ അന്വേഷണം നേരിടുന്ന വ്യക്തിക്ക് ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകുമോ എന്നതിൽ സംശയമുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സുപ്രീംകോടതിയുടെ വിധിന്യായങ്ങൾ വന്നിട്ടുണ്ട്. അവയും ഹൈക്കോടതി ഈയവസരത്തിൽ വിശദമായി പരിശോധിച്ചു. ഇക്കാര്യം കസ്റ്റംസ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഇതുകൂടി പരി​ഗണിച്ചാണ് ജാമ്യഹർജികൾ കോടതി തള്ളിയത്. ആവശ്യത്തിന് തെളിവുകളുണ്ടെങ്കിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ലെന്നും ഹൈക്കോടതി വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്.