പെരുനാട്, മല്ലപ്പള്ളി, എരുമേലി സബ് ട്രഷറികളിലും ജില്ലാ ട്രഷറിയിലുമാണ് സാമ്പത്തിക തിരിമറി നടന്നത്. മരിച്ച പോയ ആളുടെ സ്ഥിര നിക്ഷേപത്തിൽ നിന്ന് വ്യാജ അക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് പണം മാറ്റിയാണ് ഉദ്യോഗസ്ഥർ കൊള്ള നടത്തിയത്.

പത്തനംതിട്ട : പത്തനംതിട്ടയിലെ ( Pathanamthitta) ട്രഷറികളിൽ (Pathanamthitta Treasury)നടന്ന തട്ടിപ്പുകളുടെ അന്വേഷണം ഇനിയുമെങ്ങുമെത്തിയില്ല. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പിന്റെ തെളിവുകൾ ലഭിച്ചിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. പ്രതികളെ അറസ്റ്റ് (Arrest) ചെയ്തിട്ടില്ല. എന്നാൽ അന്വേഷണം തുടരുകയാണെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

പെരുനാട്, മല്ലപ്പള്ളി, എരുമേലി സബ് ട്രഷറികളിലും ജില്ലാ ട്രഷറിയിലുമാണ് സാമ്പത്തിക തിരിമറി നടന്നത്. മരിച്ച പോയ ആളുടെ സ്ഥിര നിക്ഷേപത്തിൽ നിന്ന് വ്യാജ അക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് പണം മാറ്റിയാണ് ഉദ്യോഗസ്ഥർ കൊള്ള നടത്തിയത്. ട്രഷറി ഓഫീസർ നടത്തിയ അന്വേഷണത്തിൽ നാല് ഉദ്യോഗസ്ഥരാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ട്രഷറിയിലെ ഉദ്യോഗസ്ഥരായ സിടി ഷഹീര്‍, രഞ്ജി കെ ജോൺ, കെ ജി ദേവരാജൻ, ആരോമൽ അശോകൻ എന്നിവരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു.

എന്നാൽ 8.13 ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി സസ്പെൻഷനിൽ മാത്രമൊതുങ്ങി. സസ്പെൻഷനിലായ ഉദ്യോഗസ്ഥർ എൻജിഒ യൂണിയന്റെയും അസോസിയോഷന്റെയും നേതാക്കളായതിനാൽ ആദ്യ ഘട്ടത്തിൽ തന്നെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെയാണ് ഏൽപ്പിച്ചിരുന്നത്. അന്വേഷണ സംഘം കുറച്ച് പേരുടെ മൊഴി എടുത്തതല്ലാതെ മറ്റ് നടപടിയും ഉണ്ടായില്ല. 

കെ ആർ ഗൗരിയമ്മയുടെ ട്രഷറി നിക്ഷേപം; സഹോദരിയുടെ മകൾക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്

സംഘടന നേതാക്കളുടെ ഇടപെടലിലാണ് അറസ്റ്റ് ഉണ്ടാവാത്തതെന്നാണ് സൂചന. എന്നാൽ എൻജിഒ യൂണിയനും അസോസിയോഷനും ജീവനക്കാരെ സംരക്ഷിക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ്.

പണം നല്‍കാനായില്ല, പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു; ഇരിപ്പിടമില്ലാതെ ജീവനക്കാര്‍

കണ്ണൂരിലും തട്ടിപ്പ്, പക്ഷേ നടപടിയുണ്ട് 

സംസ്ഥാനത്തെ ട്രഷറികളില്‍ തട്ടിപ്പ് പതിവാകുന്നതില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ട്. സാങ്കേതിക ഓഡിറ്റിങും പരിശോധനയും വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. നേരത്തെ കണ്ണൂരിലും തിരുവനന്തപുരത്തുമടക്കം ട്രഷറി തട്ടിപ്പ് നടന്നിരുന്നു. കണ്ണൂർ ജില്ലാ ട്രഷറിയിൽ തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്റ് കണ്ണൂർ കൊറ്റാളം സ്വദേശി നിതിൻ രാജിനെ പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയത്. അക്കൗണ്ട് നമ്പറിലോ ഐഎഫ്എസ്സി കോഡിലേയോ പ്രശ്നം കാരണം ഗുണഭോക്താക്കൾക്ക് ലഭിക്കാതെ തിരിച്ച് ട്രഷറിയിലെത്തുന്ന തുകയിലാണ് തട്ടിപ്പ് നടത്തിയത്. ട്രഷറിയിൽ തിരിച്ചെത്തുന്ന തുക സ്വന്തം പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് നിതിൻ രാജ് മാറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2019 മുതൽ ട്രഷറിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടത്തിയിരുന്നു. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.