യുവതിയുമായി അസ്വാഭാവികമായ സാമ്പത്തിക ഇടപാടുകൾ റഹീസ് നടത്തിയിട്ടില്ല. യുവാവിനെതിരെ റസീനയുടെ ആത്മഹത്യാ കുറിപ്പിലും പരാമർശമില്ല.
തിരുവനന്തപുരം : കായലോട് ആൾക്കൂട്ട അതിക്രമത്തെ തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ ആൺസുഹൃത്തിനെതിരെ പൊലീസ് കേസെടുക്കില്ല. യുവതിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്‍റെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്നര വർഷമായി സൗഹൃദമുളള യുവതിയുമായി അസ്വാഭാവികമായ സാമ്പത്തിക ഇടപാടുകൾ റഹീസ് നടത്തിയിട്ടില്ല. യുവാവിനെതിരെ റസീനയുടെ ആത്മഹത്യാ കുറിപ്പിലും പരാമർശമില്ല. മരണത്തിൽ റഹീസ് ഉത്തരവാദിയല്ലെന്നാണ് കുറിപ്പിൽ പറയുന്നത്. പ്രത്യേകം കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം. ആരോപണങ്ങൾ നിലവിലെ കേസിനൊപ്പം അന്വേഷിക്കും.
കഴിഞ്ഞ ദിവസമാണ് സദാചാര ആക്രമണത്തിന് പിന്നാലെ കായലോട് സ്വദേശിയായ റസീന ജീവനൊടുക്കിയത്. കാറിൽ റസീനയും സുഹൃത്ത് റഹീസും സംസാരിച്ചിരിക്കെ ഒരു സംഘം എസ് ഡിപിഐ പ്രവർത്തകരെത്തിയാണ് സദാചാര ഗുണ്ടായിസം നടത്തിയത്. യുവാവിനെ ബലം പ്രയോഗിച്ച് പിടിച്ചിറക്കിയ ശേഷം മർദ്ദിച്ചു. ഫോൺ കൈക്കലാക്കിയ ശേഷം മോശമായി ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെയാണ് വീട്ടിലെത്തിയ യുവതിയുടെ ജീവനൊടുക്കിയത്.
കായലോട് നടന്ന അതിക്രമത്തിൽ റസീനയുടെ ബന്ധുക്കൾ ഉൾപ്പെടെ പ്രതികളാണ്. പിന്നാലെയാണ് ആൺ സുഹൃത്തിനെതിരെ കുടുംബം പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി റഹീസ് 20 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കൈക്കലാക്കിയെന്നായിരുന്നു ആരോപണം. ഇതിന്‍റെ മനപ്രയാസത്തിലാണ് യുവതി ജീവനൊടുക്കിയതെന്നും കുടുംബം പരാതിയിൽ പറഞ്ഞു. ഇതിൽ കഴമ്പില്ലെന്നാണ് പൊലീസിന്‍റെ ഇതുവരെയുളള കണ്ടെത്തൽ. ആത്മഹത്യാക്കുറിപ്പിലും ഈ പരാമർശമില്ല.
ആൾക്കൂട്ട ആക്രമണക്കേസിൽ അറസ്റ്റിലാകാനുളള രണ്ട് പ്രതികൾ ഒളിവിലാണ്. മർദനത്തിന് ഇരയായ റഹീസിന്‍റെ പരാതിയിലെടുത്ത കേസിൽ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് പിടിയിലാകാനുളളത്. ഇവർ ഒളിവിലാണ്. യുവതി ജീവനൊടുക്കിയ കേസിലും ഇവർ പ്രതികളായേക്കും. ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തും. യുവാവിന്‍റെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തി.



