Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ ഭീതി വിതച്ച കടുവ കാട്ടിലേക്ക് തിരികെ പോയെന്ന് വനംവകുപ്പ്

കടുവയെ പിടികൂടാൻ വന്ന കുങ്കിയാന അടക്കമുള്ള സംഘം മടങ്ങി.

no clues about tiger who killed a man in pathanamthitta
Author
Pathanamthitta, First Published May 21, 2020, 6:59 AM IST

പത്തനംതിട്ട: ജനവാസ കേന്ദ്രത്തിലിറങ്ങി ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവ വനത്തിലേക്ക് തിരികെ പോയിരിക്കാമെന്ന നിഗമനത്തിൽ വനംവകുപ്പ്. എന്തായാലും കടുവയെ നിരീക്ഷിക്കാൻ വിവിധ കേന്ദ്രങ്ങളിൽ സ്ഥിരമായി ക്യാമറ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് വനംവകുപ്പ്. കടുവയെ പിടികൂടാൻ വയനാട്ടിൽ നിന്നെത്തിയ സംഘം മടങ്ങി. 

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കടുവക്കായി എസ്റ്റേറ്റുകളിലും വനമേഖലയോട് ചേർന്ന സ്ഥലങ്ങളിലും അരിച്ച് പെറുക്കിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കടുവയെ കണ്ടത് മെയ് 14 ന്. 7 ദിവസമായി കാണാത്ത സാഹചര്യത്തിൽ കടുവ തിരികെ വനത്തിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. 

വയനാട്ടിൽ നിന്ന് എത്തിയ കുങ്കിയാനയും ദ്രുത കർമ്മ സംഘവും മടങ്ങി.കുങ്കി ആനയുടെ പാപ്പാന് ആനപുറത്ത് നിന്ന് വീണ് പരിക്കേറ്റിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് കുങ്കിആനയെ ഉപയോഗിച്ചുള്ള തിരച്ചിൽ ഇവിടെ പ്രയാസം നിറഞ്ഞതാണെന്നും അധികൃതർ അറിയിച്ചു. തേക്കടിയിൽ നിന്നുള്ള സംഘവും രണ്ട് ഡോക്ടർമാരും വടശ്ശേരിക്കരയിൽ ക്യാംപ് ചെയ്യുന്നുണ്ട്.

അതേസമയം ജനങ്ങൾ ജാഗ്രത തുടരണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വടശ്ശേരിക്കര റേഞ്ചിന് കീഴിൽ 62 സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് കടുവയെ നിരീക്ഷിക്കാൻ തീരുമാനിച്ചു. കടുവയുടെ സാന്നിധ്യവും സ്വഭാവ രീതികളും കണ്ടെത്തുകയാണ് ലക്ഷ്യം. പെരിയാർ ടൈഗർ റിസർവ്വിൽ നാൽപതിനടുത്ത് കടുവകളുണ്ടെന്നാണ് കണക്ക്. ഇവയിലൊന്നാവും നാട്ടിലിറങ്ങിയത് എന്നാണ് നിഗമനം. 

Follow Us:
Download App:
  • android
  • ios