കെപിസിസി മുന്നറിയിപ്പ്, സഹകരണ സമരങ്ങളിൽ സിപിഎമ്മുമായി സഹകരിച്ചാല്‍ അച്ചടക്ക നടപടി ഉറപ്പ്
സിപിഎം നടത്തിയ തീവണ്ടി കൊള്ളയുടെ വിഴുപ്പ് ഭാണ്ഡം ചുമക്കേണ്ട ആവശ്യം കോൺഗ്രസിനില്ല. സഹകരണ മേഖലയിലെ പുഴുക്കുത്തുകളെ കോൺഗ്രസ് സംരക്ഷിക്കില്ല.

തിരുവനന്തപുരം : കേന്ദ്ര ഏജൻസികൾക്കെതിരായ സഹകരണ സമരങ്ങളിൽ സിപിഎമ്മുമായി സഹകരിച്ചാല്‍ അച്ചടക്കം നടപടിയെന്ന് കെപിസിസി. അത്തരം നീക്കമുണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി മുന്നറിയിപ്പ്. സിപിഎം നിൽക്കക്കള്ളി ഇല്ലാതായതോടെ കോൺഗ്രസിന്റെ പിന്തുണ തേടുകയാണ്. സിപിഎം നടത്തിയ കൊള്ളയുടെ വിഴുപ്പ് ഭാണ്ഡം ചുമക്കേണ്ട ആവശ്യം കോൺഗ്രസിനില്ല. സഹകരണ മേഖലയിലെ പുഴുക്കുത്തുകളെ കോൺഗ്രസ് സംരക്ഷിക്കില്ല. വെട്ടിപ്പ് നടന്ന ബാങ്കുകളെ സഹായിക്കാനുളള നീക്കങ്ങളോട് യുഡിഎഫ് ഭരണത്തിലുള്ള സഹകരണ ബാങ്കുകൾ സഹകരിക്കരുതെന്നും സഹകാരികൾക്കും നേതാക്കൾക്കും കെപിസിസി നിർദ്ദേശം നൽകി. സഹകരണ മേഖലയിലെ പ്രശ്നങ്ങളിൽ സിപിഎമ്മുമായി യോജിച്ചുള്ള പ്രക്ഷോഭം വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ഇഡിക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യുന്ന നിലയിലേക്ക് പോകരുതെന്നും പാർട്ടി നിർദ്ദേശിക്കുന്നു.
കരുവന്നൂർ കത്തിനിൽക്കുന്ന സാഹചര്യത്തിൽ സഹകരണ പ്രശ്നത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ സിപിഎം പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ തിരിച്ചടിയുണ്ടായേക്കുമെന്നാണ് ഭയം. കരുവന്നൂർ കൊള്ളയിലടക്കം സംസ്ഥാന സർക്കാറിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ടെന്നും അത് മുതലാക്കണമെന്നുമാണ് യുഡിഎഫ് തീരുമാനം. ബിജെപി സഹകരണത്തട്ടിപ്പ് ആയുധമാക്കുമ്പോൾ കേന്ദ്ര ഏജൻസികൾക്കെതിരായ സിപിഎം നീക്കങ്ങൾക്കൊപ്പം നിന്നാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ