Asianet News MalayalamAsianet News Malayalam

'എന്റെ വാ‍ർഡിൽ തോറ്റിട്ടില്ല'; മട്ടന്നൂരിലേത്  വ്യാജ പ്രചാരണമെന്ന് ശൈലജ, തിരിച്ചടി പരിശോധിക്കുമെന്ന് ജയരാജൻ

'എന്റെ  വാർഡ് ഇടവേലിക്കൽ ആണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ.രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല'

No defeat in my ward,says K K Shailaja
Author
Kannur, First Published Aug 22, 2022, 1:55 PM IST

കണ്ണൂർ: മട്ടന്നൂർ നഗരസഭാ തെര‍ഞ്ഞെടുപ്പിൽ തന്റെ വാ‍ർഡിൽ എൽഡിഎഫ് തോറ്റെന്നത് വ്യാജ പ്രചാരണമാണെന്ന് മുൻ മന്ത്രി കെ.കെ.ശൈലജ. മട്ടന്നൂരിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വ്യാജ പ്രചാരണങ്ങൾ വീണ്ടും തുടങ്ങിയിരിക്കുകയാണെന്ന് കെ.കെ.ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

കെ.കെ.ശൈലജയുടെ ഭർത്താവ് കെ.ഭാസ്കരൻ ജയിച്ച വാ‍ർഡിൽ ഇക്കുറി സിപിഎം തോറ്റെന്ന് പ്രചാരണങ്ങൾക്കാണ് മുൻ ആരോഗ്യ മന്ത്രി മറുപടിയുമായി എത്തിയത്.  കെ.ഭാസ്കരൻ മാസ്റ്റർ വിജയിച്ച് നഗരസഭ ചെയർമാനായത് ഇടവേലിക്കൽ വാർഡിൽ നിന്നാണെന്നാണ് ശൈലജ പോസ്റ്റിൽ പറയുന്നത്. എന്നാൽ എൽഎസ്‍ജിഡി വെബ്സൈറ്റ് പ്രകാരം 2010ൽ, കെ.ഭാസ്കരൻ ജയിച്ച് ചെയർമാനായത് പെരിഞ്ചേരി വാർഡിൽ നിന്നാണ്. പെരിഞ്ചേരി വാ‍ർഡിൽ ഇക്കുറി യുഡിഎഫ് ആണ് ജയിച്ചത്. 42 വോട്ടിനാണ് യുഡിഎഫിലെ മിനി രാമകൃഷ്ണൻ ഇത്തവണ പെരിഞ്ചേരിയിൽ വിജയിച്ചത്.

മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി; യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം

ഫേസ്ബുക്ക് കുറിപ്പിലേക്ക്...

ഞാൻ വോട്ട് ചെയ്ത എന്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നാണ് പ്രചാരണം. എന്റെ  വാർഡ് ഇടവേലിക്കൽ ആണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ.രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല. കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത്. എൽഡിഎഫിന്റെ ഭൂരിപക്ഷം 580. എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.

മട്ടന്നൂരിൽ യുഡിഎഫ് പിടിച്ചെടുത്തത് 8 എൽഡിഎഫ് സീറ്റുകൾ, ശക്തി കേന്ദ്രങ്ങളിലും സിപിഎമ്മിന് തിരിച്ചടി

പരിശോധിക്കുമെന്ന് എം.വി.ജയരാജൻ

മട്ടന്നൂരിൽ സംഭവിച്ചതെന്തെന്ന് പാർട്ടി വിശദമായി പരിശോധിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. മട്ടന്നൂരിൽ സ‍ർക്കാർ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല. നഗരസഭാ ഭരണത്തിനെതിരായി വികാരവുമില്ല. പാർട്ടിയിൽ ഭിന്നിപ്പോ തെരഞ്ഞെടുപ്പ് നേരിടുന്നതിൽ പാളിച്ചകളോ ഉണ്ടായിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. ബിജെപി-കോൺഗ്രസ് ഒത്തുകളി അവിടെ നടന്നു. കോൺഗ്രസിന് വോട്ടു മറിച്ചതിനാൽ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപി പിന്നിലായി. പ്രത്യുപകാരമായി ബിജെപിയെ ജയിപ്പിക്കാൻ കോൺഗ്രസ് നേരിട്ട് വോട്ടു പിടിക്കാൻ ഇറങ്ങിയെന്നും ജയരാജൻ ആരോപിച്ചു. മട്ടന്നൂരിൽ കഴിഞ്ഞ തവണ എൽഡിഎഫിന് വൻ മുന്നേറ്റം ഉണ്ടാക്കാനായത് യുഡിഎഫിലെ തമ്മിലടി കാരണമാണെന്നും എം.വി.ജയരാജൻ പറഞ്ഞു. 

സിപിഎമ്മിന്‍റെ ചെങ്കോട്ടയായ മട്ടന്നൂരില്‍ കണ്ടത് കേരളത്തിൻ്റെ മാറുന്ന രാഷ്ട്രീയം: കെ സുധാകരന്‍

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മുന്നേറ്റത്തില്‍ മുന്നണി പ്രവര്‍ത്തകരെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കേരളത്തിൻ്റെ മാറുന്ന രാഷ്ട്രീയമാണ്, ചെങ്കോട്ടയെന്ന് സിപിഎം അവകാശപ്പെടുന്ന മട്ടന്നൂരിൽ കണ്ടത്. ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിൻ്റെ വെള്ളിവെളിച്ചം അരിച്ചു കേറുകയാണ്. ഭരണം നിലനിർത്താൻ സിപിഎമ്മിന് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്ത സീറ്റുകൾ എന്ന് സുധാകരന്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios