കൊച്ചി കോർപ്പറേഷൻ പരിധിയിലും ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലും ഡിസംബർ 2 രാത്രി മുതൽ 4 രാത്രി വരെ കുടിവെള്ള വിതരണം മുടങ്ങും. ആവശ്യത്തിന് വെള്ളം ശേഖരിക്കാൻ നിർദേശമുണ്ട്.
കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിൽ രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങും. നാളെ രാത്രി 10 മുതൽ ഡിസംബർ 4 ന് രാത്രി 9 വരെയാണ് കുടിവെള്ള വിതരണം നിർത്തിവയ്ക്കുക. കൊച്ചി കോർപ്പറേഷന്‍റെ എല്ലാ ഡിവിഷനുകളിലും ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങും. തമ്മനം പമ്പ് ഹൗസിലെ അടിയന്തര അറ്റകുറ്റപ്പണികൾ മൂലമാണ് കുടിവെള്ള വിതരണം മുടങ്ങുക.
ഒരു മാസം മുൻപാണ് തമ്മനത്ത് കൂറ്റൻ വാട്ടർ ടാങ്ക് പൊട്ടിയത്. അതിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. ഈ പണികൾ പൂർത്തീകരിക്കാനാണ് കുടിവെള്ള വിതരണം നിർത്തിവച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. ആവശ്യത്തിന് കുടിവെള്ളം ശേഖരിച്ച് വയ്ക്കണമെന്ന് നിർദേശമുണ്ട്.
തമ്മനത്ത് പൊട്ടിയത് കൂറ്റൻ ജലസംഭരണി
വൈറ്റിലയ്ക്കടുത്ത് തമ്മനത്ത് ജലസംഭരണിയുടെ പാളികള്‍ തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വെള്ളം ഇരച്ചെത്തിയിരുന്നു. ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്കാണ് തകര്‍ന്നത്. നവംബർ 10ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ഒന്നേകാല്‍ കോടി ലിറ്ററിന്‍റെ സംഭരണ ശേഷിയുള്ള ടാങ്കാണിത്. പ്രദേശത്ത് വെള്ളം ഇരച്ചെത്തിയതോടെ വീടുകളുടെ മതിലുകളും റോഡുകളും തകര്‍ന്നു. വീടുകളിൽ വെള്ളം കയറി. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. വീടുകളില്‍ വെള്ളം കയറിയതോടെ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. വീടുകളിലാകെ ചെളി നിറഞ്ഞ അവസ്ഥയുമുണ്ടായി.



