റെയില്‍വേ സ്റ്റേഷനിലെ പൊതു ടാപ്പില്‍ നിന്ന് കുപ്പികളില്‍ വെള്ളം നിറച്ച് യാത്രക്കാര്‍ക്ക് വില്‍ക്കുന്നയാളുടെ വീഡിയോ വൈറൽ. യുപിയിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനിലെ ഈ ദൃശ്യം യാത്രക്കാരുടെ സുരക്ഷയെയും ശുചിത്വത്തെയും കുറിച്ച് ആശങ്കകൾ ഉയർത്തി.

റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമായ മിനറൽ വാട്ടര്‍ കുപ്പികളിലെ വെള്ളം ശുദ്ധമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എങ്കില്‍ ഈ വീഡിയോ കാണണം. കാണേണ്ടതുണ്ട്. തികച്ചും മലിനമായ സാഹചര്യത്തില്‍ ഒരു സുരക്ഷ മാനദണ്ഡങ്ങളുമില്ലാതെ പൊതു ടാങ്കിലെ പൈപ്പില്‍ നിന്നുള്ള വെള്ളം കുപ്പികളില്‍ നിറച്ച് ട്രെയിന്‍ യാത്രക്കാര്‍ക്ക് വില്പന നടത്തുന്ന ഒരാളുടെ വീഡിയോയാണിത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ രൂക്ഷ മായ വിമ‍ർശനമാണ് ഉയരുന്നത്.

തുറന്ന കാഴ്ച

ഉത്തർപ്രദേശിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനിൽ നിന്നുള്ള ഒരു വീഡിയോയിൽ റെയില്‍വേ സ്റ്റേഷനിലെ മലിനമായ ടാങ്കിലെ മലിനമായ വെള്ളം അതിലും മലിനമായൊരു സാഹചര്യത്തില്‍ കുപ്പികളിലേക്ക് നേരിട്ട് ടാപ്പില്‍ നിന്നും നിറയ്ക്കുന്ന ഒരാളെ കാണാം. വീഡിയോ ചിത്രീകരിക്കുന്നത് കണ്ടതോടെ ഇയാൾ പെട്ടെന്ന് തന്നെ തന്‍റെ ജോലി മതിയാക്കി വെള്ളം നിറച്ച മറ്റ് കുപ്പികളുമെടുത്ത് പ്ലാറ്റ്ഫോമില്‍ നിന്നും ചാടി സ്റ്റേഷനില്‍ നിർത്തിയിട്ടിരിക്കുന്ന മറ്റൊരു ട്രെയിനിനടുത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. വീഡിയോ റെയിൽവേ യാത്രകളിൽ യാത്രക്കാരുടെ സുരക്ഷയെയും ശുചിത്വത്തെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തി.

ആശങ്കയോടെ കാഴ്ചക്കാര്‍

റെഡ്ഡിറ്റില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ കാഴ്ചക്കാരില്‍ വലിയ ആശങ്കയാണ് നിറച്ചത്. യാത്രക്കാരുടെ സുരക്ഷയെ കുറിച്ചും റെയില്‍വേയുടെ അലംഭാവത്തെ കുറിച്ചും നിരവധി പേരാണ് കുറിപ്പുകളെഴുതിയത്. മാലിന്യം നിറഞ്ഞ വെള്ളം കുടിക്കുന്നത് ഗുരുതരമായ ആന്തരിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകൾ തടയാനും യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കാനും റെയില്‍വേയോട് ചിലര്‍ ആവശ്യപ്പെട്ടു. വിദേശ സഞ്ചാരികൾ അടക്കം യാത്ര ചെയ്യുന്ന റെയില്‍വേ പോലൊരു ബൃഹത്തായ പൊതുഗതാഗത സംവിധാനത്തില്‍ ഇത്തരം തട്ടിപ്പുകൾ പ്രോത്സാഹിക്കുന്നത് ഗുരുതരമായ പ്രത്യോഘാതം ക്ഷണിച്ച് വരുത്തുമെന്നും നിരവധി പേരെഴുതി.