കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളക്കെതിരെ പ്രാഥമിക പരിശോധനയിൽ തെളിവുകളില്ല. ഇതിനായി പരിശോധനകൾ തുടരും. കേസിൽ ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ ലഭിച്ചതിന് പിന്നാലെ സസ്പെൻഷനിലുള്ള ആന്തൂർ നഗരസഭാ സെക്രട്ടറി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എന്നാൽ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാനുള്ള നടപടികൾ ഇന്നും പൂർത്തിയായില്ല.

സാജന്‍റെ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്നത് പി ജയരാജൻ, ജെയിംസ് മാത്യു എംഎൽ.എ അടക്കമുള്ളവരുടെ പേരാണ്. എന്നാൽ ഇവരെല്ലാം സാജനെ സഹായിച്ചവരാണ്.  വികസന വിരോധിയെന്ന പേരിൽ പരാമർശമുണ്ടെങ്കിലും ആരുടെയും പേരില്ല. സ്വപ്ന പദ്ധതി മുടങ്ങിപ്പോവുന്നതിന്റെ മനോവിഷമം കുറിപ്പിൽ വ്യക്തമാണ്.  ഡയറിക്കുറിപ്പിനൊപ്പം ഇന്നലെ നഗരസഭാ ഓഫീസിലും പരിശോധന നടത്തിയ അന്വേഷണ സംഘത്തിന് പി.കെ ശ്യാമളക്കെതിരായ തെളിവുകൾ ലഭിച്ചിട്ടില്ല. 

ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്താനുള്ളതെന്നിരിക്കെ നിയമപരമായ കടമ്പകളുമുണ്ട്. അതിനാല്‍ ശക്തമായ തെളിവുകൾ തേടുകയാണ് പൊലീസ്. ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ ലഭിച്ചതിനാല്‍ കേസുമായി പൊലീസിന് മുന്നോട്ട് പോകാന്‍ വഴി തുറന്നിട്ടുണ്ട്.  ഈ സാഹചര്യത്തിലാണ് സസ്പെൻഷനിലായ നഗരസഭാ സെക്രട്ടറി ഗിരീഷ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. സാജൻ നേരിട്ട് ഒരപേക്ഷയും നൽകിയിട്ടില്ലെന്നും ഭാര്യാപിതാവാണ് കാര്യങ്ങൾ നീക്കിയിരുന്നതെന്നുമാണ് വാദം. ഹർജി സ്വീകരിച്ച് സാജന്റെ ഭാര്യയടക്കമുള്ളവരെ കക്ഷി ചേർക്കാൻ പറഞ്ഞ കോടതി പക്ഷേ അറസ്റ്റ് തടയാനാകില്ലെന്ന് വ്യക്തമാക്കി.  

അതിനിടെ അന്വേഷണ സംഘം സാജന്‍റെ പാർത്ഥ കൺവെൻഷൻ സെന്‍ററില്‍ ഇന്ന് പരിശോധന നടത്തി. സസ്പെന്‍ഷനിലായവര്‍ക്ക് പകരം ഇന്നലെ ആന്തൂര്‍ നഗരസഭയിൽ ചുമതലയേറ്റെടുത്ത താൽക്കാലിക ഉദ്യോഗസ്ഥർ ഫയലിൽ നടപടികൾ മുന്നോട്ട് കൊണ്ടുപോവുകയാണ്.  സെക്രട്ടറിയുടെ അധികാര പരിധിയിൽ ഒതുങ്ങുന്നതാണെങ്കിൽ സാജന്‍റെ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്‍ററിന് രണ്ട് ദിവസത്തിനകം അനുമതി നൽകും.

അല്ലെങ്കിൽ തീരുമാനം സർക്കാരിന് വിടും. പി.കെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. അന്വേഷണ പുരോഗതി നോക്കിയ ശേഷമാകും അവരുടെ അടുത്ത പ്രതികരണം. സിപിഎം നേതാക്കൾ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.