ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾക്ക് നഗരസഭ ചുമത്തിയ പിഴ വെട്ടിക്കുറയ്ക്കണമെന്ന സർക്കാർ നിർദേശം ആലപ്പുഴ നഗരസഭ തള്ളി. കമ്പനിക്ക് വേണമെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തു. തീരുമാനം അംഗീകരിക്കാനാവില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കി.റിസോര്‍ട്ടിന്‍റെ ലൈസന്‍സ് രണ്ട് മാസത്തേക്ക് കൂടി നീട്ടാനും നഗരസഭ തീരുമാനിച്ചു.

ചട്ടലംഘനത്തിന്‍റെ പേരില്‍ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന് നഗരസഭ ചുമത്തിയത് 2.75 കോടി രൂപയാണ്. എന്നാൽ ഇതിനെതിരെ തോമസ് ചാണ്ടിയുടെ കമ്പനി സർക്കാരിന് അപ്പീൽ നൽകി. ഇതേത്തുടർന്ന് സർക്കാർ പിഴത്തുക വെട്ടിക്കുറച്ചു. നഗരകാര്യ റീജണൽ ജോയിന്‍റ് ഡയറക്ടറുടെ റിപ്പോർട്ട് അനുസരിച്ച് കമ്പനി നഗരസഭയ്ക്ക് 35 ലക്ഷം രൂപ പിഴ ഒടുക്കിയാൽ മതിയെന്നും നിര്‍ദേശിച്ചു. ഇക്കാര്യത്തിലാണ് ഇന്ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ഉണ്ടായത്.

സര്‍ക്കാര്‍ തീരുമാനം നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്ന്  യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് 2.75 കോടി രൂപ പിഴയായി നിശ്ചയിച്ചത്. അതുകൊണ്ട് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാനാവില്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കി. ഇതിനെ എല്‍ഡിഎഫ് അംഗങ്ങള്‍ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ അഭിപ്രായപ്രകാരം സര്‍ക്കാര്‍ നിര്‍ദേശം തള്ളുകയായിരുന്നു. അതേസമയം, ലേക് പാലസ് റിസോര്‍ട്ടിന്‍റെ ലൈസന്‍സ് തല്ക്കാലം റദ്ദാക്കേണ്ടെന്നും രണ്ട് മാസത്തേക്ക് കൂടി നീട്ടി നല്‍കാമെന്നും നഗരസഭ കൗൺസില്‍ തീരുമാനമെടുത്തിട്ടുണ്ട്.  

ലേക് പാലസ് റിസോർട്ടിലെ  22 കെട്ടിടങ്ങള്‍ക്ക്  വിസ്തീർണ്ണത്തിൽ കുറവ് ഉണ്ടെന്ന് നഗരസഭ മുമ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നഗരസഭ നിര്‍ദേശപ്രകാരം കെട്ടിടങ്ങളുടെ വിസ്തീര്‍ണം കൂട്ടുകയും ചെയ്തു.  ഈ കെട്ടിടങ്ങളുടെ കൂട്ടിയ വിസ്തീർണത്തിന് റിസോര്‍ട്ട് ആരംഭിച്ച 2002 മുതലുള്ള കെട്ടിട നികുതി നല്‍കണമെന്നാണ്  നഗരസഭയുടെ ആവശ്യം. കൂടാതെ, പൂർണ്ണമായും അനധികൃതമാണെന്ന് കണ്ടെത്തിയ 10 കെട്ടിടങ്ങള്‍ക്കും  2002 മുതലുള്ള നികുതിയും പിഴയും അടയ്ക്കണമെന്നാണ് നഗരസഭയുടെ നിലപാട്. ഇങ്ങനെയാണ് 2.75 കോടി രൂപ നികുതിയിനത്തില്‍ അടയ്ക്കാന്‍ നഗരസഭ നിര്‍ദേശിച്ചിരിക്കുന്നത്.