തിരുവനന്തപുരം: ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലെത്തിയ പ്രവാസികളിൽ കാസർകോടേയ്ക്ക് കെഎസ്ആർടിസി ബസിൽ കൊണ്ടുപോയവർ ഭക്ഷണവും വെള്ളവും കിട്ടിയില്ലെന്നാരോപിച്ച് പ്രതിഷേധിച്ചു. ബസ് നിർത്തി യാത്രക്കാർ ഇറങ്ങി പ്രതിഷേധിച്ചതോടെ പൊലീസ് ഇടപ്പെട്ട് ഭക്ഷണവും വെള്ളവും നൽകി. തുടർന്ന് പ്രശ്നം പരിഹരിച്ചശേഷമാണ് യാത്ര പുനരാരംഭിച്ചത്. 

181 യാത്രക്കാരുമായി ദോഹയിൽ നിന്നുള്ള വിമാനം പുലർച്ചെ 12.50നാണ് തിരുവനന്തപുരത്ത് എത്തിയത്. 14 ഗർഭിണികളും 23 കുട്ടികളും 60 വയസ്സിന് മുകളിൽ ഉള്ള 25 പേരും അടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്തേക്കുള്ള ആദ്യ സർവീസിൽ എത്തിയത്. കേരളത്തിലെ 12 ജില്ലകളിൽ നിന്നുള്ളവരും വിമനത്തിലുണ്ട്. 20 പേരുടെ സംഘമായി തെർമൽ പരിശോധന നടത്തിയ ശേഷം ഇതിന്  ശേഷം ജില്ലകൾ തിരിച്ച് യാത്രക്കാരെ പുറത്ത് എത്തിച്ചു. അവസാന നിമിഷത്തെ അപ്രതീക്ഷിത  പ്രശങ്ങൾ കാരണം റദ്ദാക്കപ്പെട്ട വിമാനമാണ് 2 ദിവസത്തിന് ശേഷം സർവീസ് നടത്തിയത്.