കയ്യിൽ കിട്ടിയ ഭൂമിയിൽ വീട് പണിയാൻ ആകാത്തതിനാൽ നിർമ്മാണത്തിനുള്ള പണം ഇനി കിട്ടില്ല. നഗരസഭയുടെ ഭവന പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ലൈഫ് പദ്ധതിയിൽ അപേക്ഷിക്കാനുമാകില്ല , താമസിക്കാൻ സ്വന്തമായി വീടുമില്ല. എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംങ്ങൾ.

തിരുവനന്തപുരം : നഗരസഭയുടെ സമ്പൂർണ ഭവനപദ്ധതിയിലൂടെ വീട് വയ്ക്കാൻ സ്ഥലം വാങ്ങിയവർ വെട്ടിലായി. വീട് വെക്കാനുള്ള സ്ഥലം തീരപരിപാലന നിയമത്തിന്‍റെ പരിധിയിൽ പെട്ടതാണ് തിരുവനന്തപുരം നഗരസഭക്ക് കീഴിലെ ഒൻപത് കുടുംബങ്ങളെ വെട്ടിലാക്കിയത്. പ്രൊജക്ട് ഓഫീസർ അനുമതി നൽകിയ സ്ഥലത്തിനായി ഉടമക്ക് ഇതിനകം സർക്കാറിൽ നിന്ന് 22 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

2017ൽ നഗരസഭയുടെ സമ്പൂർണ്ണ ഭവനപദ്ധതിയുടെ പട്ടികയിൽപ്പെട്ടപ്പോൾ സ്വന്തമായി വീടെന്ന സ്വപ്നം സഫലമാകുമെന്ന പ്രതീക്ഷയായിരുന്നു രുഗ്മിണിയ്ക്ക്. രുഗ്മണിയടക്കം വർഷങ്ങളായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഒൻപത് കുടുംബങ്ങൾ വീട് നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയത് മുട്ടത്തറ വില്ലേജിൽ. നഗരസഭാ പ്രൊജക്ട് ഓഫീസർ സ്ഥലം വീട് വെക്കാൻ യോഗ്യമാണെന്ന് കാണിച്ച് 2017 ൽ അനുമതി പത്രവും നൽകി.

പിന്നാലെ 9 കുടുംബങ്ങൾക്കുമായി 22.5 ലക്ഷം രൂപ ഭൂമിയുടെ ഉടമസ്ഥന് സർക്കാർ അനുവദിച്ചു. പിന്നാലെയാണ് പ്രശ്നമുണ്ടാകുന്നത്. ആധാരം ലഭിച്ച സ്ഥലത്ത് വീട് പണിയാൻ നഗരസഭയെ സമീപിച്ചപ്പോൾ പരിശോധനക്കെത്തിയ ഇൻസ്പെഷൻ ഓഫീസർ റിപ്പോർട്ട് നൽകിയത് സ്ഥലം തീരപരിപാല നിയമത്തിൻറെ പരിധിയിൽ വരുന്നതാണെന്നാണ്. നിർമ്മാണപ്രവർത്തനങ്ങൾക്ക് യോഗ്യമല്ലെന്ന റിപ്പോർട്ട് വന്നതോടെ വീടിനായി കാത്തിരുന്നവർ കുടുങ്ങി.

ചില ബ്രോക്കർമാർ കാണിച്ചതനുസരിച്ചാണ് ഇവർ സ്ഥലത്തിൻറെ അനുമതിക്കായി അപേക്ഷിച്ചത്. യാതൊരു പരിശോധനയും കൂടാതെ പ്രൊജക്ട് ഓഫീസ്ർ അനുമതി പത്രം നൽകിയതാണ് ഈ പാവപ്പെട്ടവരെ വെട്ടിലാക്കിയത്. കയ്യിൽ കിട്ടിയ ഭൂമിയിൽ വീട് പണിയാൻ ആകാത്തതിനാൽ നിർമ്മാണത്തിനുള്ള പണം ഇനി കിട്ടില്ല. നഗരസഭയുടെ ഭവന പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ലൈഫ് പദ്ധതിയിൽ അപേക്ഷിക്കാനുമാകില്ല , താമസിക്കാൻ സ്വന്തമായി വീടുമില്ല. എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബങ്ങൾ.