ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍  സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. 2010-13 കാലഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെ 100 കോടി കാണാനില്ലെന്ന് മാത്രമല്ല, ഇത് സംബന്ധിച്ച ഫയലുകള്‍ കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്ന ഗുരുതര ആരോപണവും എംഡി ഉന്നയിച്ചു.

തിരുവനനന്തപുരം:കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍, വിജിലന്‍സ് അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി. എംഡി ബിജുപ്രഭാകര്‍ ആരോപണം ഉന്നയിച്ച്, മൂന്ന് മാസത്തോളമായിട്ടും, എക്സിക്യൂട്ടീവ് ഡയറക്ടറോട് വീശദീകരണം ചോദിച്ചതിനപ്പുറം നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് എംഡിയുടെ വിശദീകരണം.

ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. 2010-13 കാലഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെ 100 കോടി കാണാനില്ലെന്ന് മാത്രമല്ല, ഇത് സംബന്ധിച്ച ഫയലുകള്‍ കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്ന ഗുരുതര ആരോപണവും എംഡി ഉന്നയിച്ചു. 

തുടര്‍ന്ന് നിലവിലെ എക്സി.ഡയറക്ടറും ആക്ഷേപം ഉയര്‍ന്ന കാലഘട്ടത്തില്‍ അക്കൗണ്ട്സിന്‍റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനുമായിരുന്ന കെ എം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി. അദ്ദേഹത്തോട് വിശദീകരണം തേടിയ ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കുമെന്നാണ് എംഡി അറിയിച്ചിരുന്നത്. എന്നാല്‍ വിവാദമുയര്‍ന്ന കാലഘടത്തില്‍ തനിക്ക് അക്കൗണ്ട്സ് ചുമതല ഇല്ലായിരുന്നുവെന്നാണ് ശ്രീകുമാര്‍ നല്‍കിയ വിശദീകരണം.

ആഭ്യന്തര അന്വേഷണ നടപടി പുരോഗമിക്കുന്നുണ്ടെന്നാണ് എംഡിയുടെ വിശദീകരണം. ആരോപണമുയര്‍ന്ന കാലഘട്ടത്തിലെ അക്കൗണ്ട്സ് വിഭാഗം മാനേജര്‍ക്ക് രണ്ടാഴ്ച മുമ്പ് വിശദീകരണ നോട്ടീസ് നല്‍കിയിട്ടുണ്ട്. 100 കോടി കാണാനില്ലെന്നെ ആക്ഷേപത്തില്‍ അന്വേഷണം വേണ്ടെന്നാണ് ഹൈക്കോടതിയിലെ പൊതുതാല്‍പ്പര്യക്കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.