തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ സമ്പൂർണ്ണലോക്ഡൗണില്ല. കൊവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന സർവ്വകക്ഷിയോഗത്തിൽ സമ്പൂർണ ലോക്ക് ഡൌണിനെതിരായ നിലപാടാണ് ഭൂരിപക്ഷം പാർട്ടികളും സ്വീകരിച്ചത്. ഈ  വികാരം മുഖ്യമന്ത്രിയും അംഗീകരിക്കുകയായിരുന്നു. 

സമ്പൂർണ്ണലോക്ഡൗൺ നടപ്പാക്കരുതെന്നാണ് സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിൽ ഭൂരിപക്ഷം രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെട്ടത്. അസംഘടിതമേഖലയിലെ തൊഴിലാളികളുടേതുൾപ്പടെയുള്ളവരുടെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 

അടച്ച് പൂട്ടൽ പ്രായോഗികമല്ലെന്ന വിദഗ്ധരുടെ വിലയിരുത്തൽ  പ്രതിപക്ഷനേതാവും ചൂണ്ടിക്കാട്ടി. തുടർന്നാണ് ഉടൻ ലോക്ഡൗൺ നടപ്പാക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. രോഗവ്യാപനം കൂടിയ ശേഷം ആദ്യമായാണ് രോഗികളെക്കാൾ രോഗമുക്തരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നത്.  കഴിഞ്ഞ രണ്ട് ദിവസവും പ്രതിദിനരോഗികൾ ആയിരത്തിൽ കൂടുതലായെങ്കിൽ ഇന്ന് 885 പേർക്കാണ്  രോഗം. രോഗമുക്തി 968.