എൻഡിഎയിൽ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷൻ പരിശോധിക്കണമെന്നുമാണ് ആവശ്യം.
കോട്ടയം : മുന്നണി മാറ്റം ആവശ്യപ്പെട്ട് ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി. എൻഡിഎ വിടണമെന്ന് ആവശ്യമുയർത്തി ജില്ലാ ക്യാമ്പിൽ പ്രമേയം അവതരിപ്പിച്ചു. 9 വർഷമായി ബിജെപിയിലും എൻഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കൾ ഉയർത്തുന്ന പ്രധാന പരാതി. എൻഡിഎയിൽ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷൻ പരിശോധിക്കണമെന്നുമാണ് ആവശ്യം.
ഏറെ നാളായി ബിഡിജെഎസ് മുന്നണിയിൽ അസംതൃപ്തരാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ ഇതിന്റെ തോത് കൂടി. ബിഡിജെഎസ് കോട്ടയം ജില്ലാ നേതൃ ക്യാമ്പിൽ മുന്നണി വിടണം എന്ന് ആവശ്യപ്പെട്ട് പ്രമേയം കൂടി പാസ്സാക്കിയത്തോടെ സംസ്ഥാന പാർട്ടിയിൽ വീണ്ടും ചർച്ചക്കൾക്ക് വഴി ഒരുങ്ങുകയാണ്.
ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും സംസ്ഥാന ഭാരവാഹികളും മുന്നണി മാറണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഇതോടെ ശനിയാഴ്ച തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ സംസ്ഥാന കൌൺസിൽ യോഗവും എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേരും. മുഴുവൻ ജില്ലാ പ്രസിഡന്റ്‌മാരും യോഗത്തിൽ പങ്കെടുക്കണം എന്നാണ് നിർദേശം.
മുന്നണി മാറ്റം സംബന്ധിച്ചുള്ള ചർച്ചകൾക്ക് യോഗത്തിൽ തുടക്കം ആകും. രൂപീകരണ കാലം മുതൽ എൻഡിഎ കൊപ്പം നിൽക്കുന്ന പാർട്ടിക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലന്നാണ് നേതാക്കളുടെ പരാതി. നേതാക്കളെ കേന്ദ്ര ബോർഡ് കോർപറേഷനുകളിൽ പരിഗണിക്കുന്നില്ല.
മുന്നണിയുടെ സമര പരിപാടികളും, മറ്റ് കാര്യങ്ങളും ആസൂത്രണം ചെയ്യുമ്പോൾ പോലും കൂടിയാലോചനകൾ നടക്കുന്നില്ല. തുടങ്ങിയവായാണ് നേതാക്കളുടെ ആരോപണങ്ങൾ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കു മുമ്പ് മറ്റ് മുന്നണികളിലേക്കുള്ള പ്രവേശനം സംബന്ധിച്ചുള്ള സാധ്യതകൾ പരിശോധിക്കാനും സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല തുഷാർ വെള്ളാപ്പള്ളിയുമായി ചില ചർച്ചകൾ നടത്തിയിരുന്നു. മുന്നണി മാറ്റം സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായങ്ങളും നിർണായകമാകും.


