'കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ല. ജനക്കൂട്ടത്തോടല്ല, ഉത്തരവാദപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്.'

വയനാട് : വനംവന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ഇപ്പോൾ വയനാട്ടിലേക്ക് പോകില്ലെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത് അക്രമാസക്തമാകുന്നത് കാര്യങ്ങൾ സങ്കീർണമാക്കും. താൻ വയനാട്ടിൽ പോയില്ലെന്നത് ആരോപണമല്ല വസ്തുതയാണ്. കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ല. ജനക്കൂട്ടത്തോടല്ല, ഉത്തരവാദപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്. വികാരപരമായ അന്തരീക്ഷത്തിൽ ഇടപെടുന്നതിനേക്കാൾ ശാന്തമായിരിക്കുമ്പോൾ അവരെ കേൾക്കുന്നതാണ് നല്ലത്. പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ കൂടുതൽ അന്വേഷണം വേണം. ഓരോ മണിക്കൂറിലും വയനാട്ടിലെ കാര്യങ്ങൾ വിലയിരുത്തും. ജനം അക്രമാസക്തമായിരിക്കുമ്പോൾ പ്രശ്ന പരിഹാരമുണ്ടാവില്ല. തന്നെ തടയാൻ പാടില്ല എന്ന നിലപാട് താൻ എടുക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.

അതേ സമയം, കുറുവ ദ്വീപിലെ താല്‍ക്കാലിക ജീവനക്കാരനായ പോളിനെ കാട്ടാന ആക്രമിച്ച് കൊന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്ത കണ്ടാലറിയുന്ന 100 പേർക്കെതിരെയാണ് പൊലീസ് കേസ്. വനംവകുപ്പ് വാഹനം ആക്രമിക്കൽ, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഇന്നലത്തെ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പുൽപ്പള്ളി പൊലീസിന്റെ നടപടി. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മൃതദേഹം തടഞ്ഞതിനുമടക്കം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസിന് നേരെ കല്ലെറിഞ്ഞതിലും പാക്കത്തെ പോളിന്‍റെ വീടിന് മുമ്പിലുണ്ടായ അനിഷ്ടസംഭവങ്ങളിലുമടക്കം കേസുണ്ട്. അജയ് നടവയല്‍, ഷിജു പെരിക്കല്ലൂര്‍, സിജീഷ് കുളത്തൂര്‍ തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ളത്. അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. 

പ്രതിഷേധം കനക്കുന്നതിനിടെ എംപി വയനാട്ടിൽ 

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. കണ്ണൂരിൽ നിന്ന് റോഡുമാർഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുൽ പടമലയിലെത്തിയത്. ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുൽ ആദ്യമെത്തിയത്. അതിനു ശേഷം കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പി.വി. പോളിൻ്റെ പാക്കത്തെ വീട് സന്ദർശിക്കും. കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിൻ്റെ വീടും അദ്ദേഹം സന്ദർശിക്കും.കൽപ്പറ്റയിൽ പിഡബ്യൂഡി റസ്റ്റ് ഹൌസിൽ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികൾ രാഹുൽ ഗാന്ധി വിലയിരുത്തും.ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.