തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിൽ ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രൻ. ആരെങ്കിലും ഓടി വന്ന് മുന്നണിയിൽ ചേരണമെന്ന് പറഞ്ഞാൽ ഏറ്റെടുക്കാനാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഇക്കാര്യത്തിൽ ഇപ്പോൾ പ്രതികരണത്തിനില്ല. ഇടതുമുന്നണിയിലേക്ക് ആരെങ്കിലും വരുന്നത് എല്ലാ പാർട്ടികളും കൂടിയാലോചിച്ചാണ്. എൽഡിഎഫ് നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തിലുള്ള മുന്നണിയാണ്. യുഡിഎഫുമായി വളരെയധികം വ്യത്യാസമുണ്ട്. യുഡിഎഫ് ദുർബലപ്പെടുമ്പോൾ ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല. ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവർത്തിക്കേണ്ട ബാധ്യതയില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ആരെങ്കിലും ആരെയെങ്കിലും സഹായിക്കട്ടെയെന്നായിരുന്നു ജോസ് കെ മാണിയെ എൻഡിഎ സ്വാഗതം ചെയ്തതിനോട് കാനത്തിന്റെ പ്രതികരണം. ജോസ് വിഭാഗത്തെ എവിടെയെങ്കിലും ചേർക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല. എൽഡിഎഫിൽ ഒരു വിഭാഗീയതയും ഉണ്ടായിട്ടില്ല. യുഡിഎഫിലാണ് വിള്ളലുണ്ടായത്. ഇക്കാര്യത്തിൽ സിപിഐ നേരത്തെ നിലപാടെടുത്തിട്ടുണ്ട്. അതിൽ മാറ്റമില്ല. എൽഡിഎഫിലും മാറ്റമുണ്ടായിട്ടില്ല. കാത്തിരുന്ന് കാണാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.