രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാൽ, എംഎൽഎയെ ആരും കൈയേറ്റം ചെയ്തിട്ടില്ലെന്നും പ്രശ്നങ്ങളുണ്ടാക്കുന്നത് പാളയം പ്രദീപാണെന്നും ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടമ്പലം ആരോപിച്ചു.

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിനെതിരെയുള്ള കൈയേറ്റത്തിൽ പ്രതികരണവുമായി ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടമ്പലം. എംഎൽഎ പ്രകോപിതയായി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്നും ആരും എംഎൽഎ കൈയേറ്റം ചെയ്തിട്ടില്ലെന്നും സജിത് പറഞ്ഞു. ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെ വീട്ടിലേക്ക് കുട്ടികൊണ്ടുപോയത് എംഎൽഎയും പാളയം പ്രദീപുമാണ്. പാളയം പ്രദീപാണ് കുറേ നാളുകളായി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്നും സജിത് ആരോപിച്ചു.

അതേസമയം, സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‍സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയത് ആണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറിയെന്നും കൈയിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.