Asianet News MalayalamAsianet News Malayalam

ഉപതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും പരസ്യപിന്തുണയില്ലെന്ന് ഓർത്തഡോക്സ് സഭ

കോന്നിയിൽ ഓര്‍ത്ത്ഡോക്സ് വോട്ട് ഉറപ്പിക്കാൻ തിരക്കിട്ട നീക്കങ്ങളാണ് മുന്നണികളുടെ നേതൃത്വത്തിൽ നടക്കുന്നത്. കോടിയേരിക്ക് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഓര്‍ത്ത്ഡോക്സ് ആസ്ഥാനത്തെത്തി കാതോലിക്കാ ബാവയെ കണ്ടു . 

no opens support for any party says orthodox officials
Author
Konni, First Published Oct 14, 2019, 5:37 PM IST

പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പിൽ കോന്നിയിലടക്കം ഒരിടത്തും ഒരു പാർട്ടിക്കും പരസ്യപിന്തുണ പ്രഖ്യാപിക്കാനില്ലെന്ന് ഓർത്തഡോക്സ് സഭാ വക്താവ്  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഭയുടെ പിന്തുണ ഉറപ്പാക്കാൻ മൂന്ന് മുന്നണികളും പരസ്യമായും രഹസ്യമായും നീക്കങ്ങൾ നടത്തുന്നതിനിടെയാണ് സഭാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. 

അതേസമയം താൻ സഭാ താൽപര്യത്തിനെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹ്നാനും ന്യൂനപക്ഷ വിഭാഗങ്ങൾ സര്‍ക്കാരിനൊപ്പമാണെന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചു. ബിജെപിയോടുള്ള തൊട്ടുകൂടായ്മ തീര്‍ന്നെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ പ്രതികരണം.

കോന്നിയിൽ ഓര്‍ത്ത്ഡോക്സ് വോട്ട് ഉറപ്പിക്കാൻ തിരക്കിട്ട നീക്കങ്ങളാണ് മുന്നണികളുടെ നേതൃത്വത്തിൽ നടക്കുന്നത്. കോടിയേരിക്ക് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഓര്‍ത്ത്ഡോക്സ് ആസ്ഥാനത്തെത്തി കാതോലിക്കാ ബാവയെ കണ്ടു . ഓര്‍ത്ത്ഡോക്സ് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കുടുംബയോഗങ്ങളടക്കം നടത്തി ഇടത് മുന്നണി സജീവമായി രം​ഗത്തുണ്ട്.

കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹൻരാജും ദേവലോകം അരമനയിലെത്തി ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാത്രി യുഡിഎഫിനെ അനുകൂലിക്കുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ കുമ്പഴയിൽ യോഗം ചേര്‍ന്നു. സഭാ തര്‍ക്കത്തിൽ എതിര്‍ നിലപാടെടുത്തെന്ന പേരിൽ പ്രചാരണം സജീവമായതോടെയാണ് ഇതേക്കുറിച്ച് വിശദീകരണവുമായി യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹ്നാൻ രം​ഗത്തു വന്നത്. 

ദേശീയ സംസ്ഥാന നേതാക്കൾ പിന്തുണ തേടി സഭാ നേതൃത്വത്തെ സമീപിക്കുന്നതിന് പുറമെ പിറവം പള്ളി മാനേജിംഗ് കമ്മിറ്റി അംഗത്തെയും പാമ്പാടിയിൽ നിന്നുള്ള ഓര്‍ത്ത്ഡോക്സ് അസോസിയേഷൻ മെമ്പറേയും പങ്കെടുപ്പിച്ചാണ് കോന്നിയിൽ ബിജെപി പ്രചാരണം. വാട്സ് ആപ്പ് ഗ്രൂപ്പുകളിലും വോട്ട് തേടി ബിജെപി സജീവമാണ്. 

അതേസമയം കോന്നി അടക്കം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ നിര്‍ണ്ണായകമായ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങളിൽ നിലപാട് വ്യക്തമാക്കുകയാണ് ഓര്‍ത്ത്ഡോക്സ് സഭ. സഭക്ക് ദ്രോഹം ചെയ്യുന്നവരെ സഭാ മക്കൾക്ക് അറിയാം.അത് മനസിലാക്കി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും. പിന്തുണ ഉണ്ടെന്ന ചിലരുടെ അവകാശവാദങ്ങൾ സഭയുടെ ഒദ്യോഗിക നിലപാടല്ലെന്നും സഭാ വക്താവ് ഫആദര്‍ ജോൺസ് എബ്രഹാം കോനാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios