പ്രതിപക്ഷ നേതാവും, യുഡിഎഫിലെ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്ന മാണി സി കാപ്പനും, മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും അടക്കമുള്ളവർ പ്രതിഷേധ പരിപാടിയിൽ ഭാഗമായി
കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവർ പങ്കെടുത്ത കോട്ടയത്തെ കെ റെയിൽ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്ന് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് നാട്ടകം സുരേഷ്. ബാനറിൽ തന്റെ ചിത്രം വെച്ചില്ലെന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നുമുള്ള പരാതിയെ തുടർന്നാണ് സുരേഷ് പ്രതിഷേധ പരിപാടിയിൽ നിന്ന് വിട്ടുനിന്നത്.
പ്രതിഷേധ പരിപാടിയിലേക്ക് തന്നെ സംഘാടകർ ക്ഷണിച്ചതുമില്ലെന്നും നാട്ടകം സുരേഷിന് പരാതിയുണ്ട്. അതേസമയം പ്രതിപക്ഷ നേതാവും, യുഡിഎഫിലെ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്ന മാണി സി കാപ്പനും, മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും അടക്കമുള്ളവർ പ്രതിഷേധ പരിപാടിയിൽ ഭാഗമായി.
ഇതിന് പുറമെ യുഡിഎഫിലെ തന്റെ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്ന മാണി സി കാപ്പനും ഇതിനെ വിമർശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനും പരസ്പരം കെട്ടിപ്പുണർന്ന് തങ്ങളുടെ പരിഭവം മറന്നു. മാണി സി കാപ്പൻ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് വി ഡി സതീശൻ വേദിയിലേക്ക് എത്തിയത്. ഇരുവരും പരസ്പരം ആശ്ലേഷിച്ചു. അതൃപ്തി എല്ലാം അവസാനിച്ചതായി വേദിയിൽ മാണി സി കാപ്പൻ പ്രഖ്യാപിച്ചു. ഇപ്പോൾ സംതൃപ്തി മാത്രമേയുള്ളൂ. എല്ലാ പ്രശ്നങ്ങളും തീർന്നു. മാണി സി കാപ്പനാണ് സമര വേദിയിലേക്ക് യു ഡി എഫ് ചെയർമാൻ കൂടിയായ വി ഡി സതീശനെ ഷാൾ അണിയിച്ച് സ്വീകരിച്ചത്. വി ഡി സതീശനെ സ്വീകരിച്ചതിന് പിന്നാലെ മാണി സി കാപ്പൻ സമര വേദിയിൽ നിന്ന് മടങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കൾ വേദിയിലുണ്ടായിരുന്നു.
മാണി സി കാപ്പന്റെ അതൃപ്തി
യു ഡി എഫിലെ(udf) അവസ്ഥയെക്കുറിച്ച് തുറന്നടിച്ച് മാണി സി കാപ്പൻ (Mani C Kappan) കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. മുന്നണിയിൽ അസ്വസ്ഥതകളുണ്ടെന്ന് പാലാ എം എൽ എ കൂടിയായ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യു ഡി എഫ് പരിപാടികളൊന്നും അറിയിക്കുന്നില്ല. മുന്നണിയിൽ സംഘാടനം ഇല്ലാത്തതിനാൽ ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണെന്നും കാപ്പൻ പറഞ്ഞു. എന്നാൽ ഇടതു മുന്നണിയിൽ ഇത്തരം പ്രതിസന്ധയില്ല. ഇങ്ങനെയൊക്കെ ആണേലും മുന്നണി മാറ്റം ഉദിക്കുന്നില്ല എന്നും കാപ്പൻ പറഞ്ഞു.
