മുംബൈ ദാദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ, സിവിൽ വേഷത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ഒരു യുവതിയെ അപമര്യാദയായി പിടിച്ച് വലിച്ചിഴയ്ക്കുന്ന വീഡിയോ പുറത്തുവന്നത് വലിയ വിവാദമായി. പോലീസ് ഉദ്യോഗസ്ഥനെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും, രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
മുംബൈ: മുംബൈ ദാദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ സിവിൽ ഡ്രസ്സിലുള്ള പോലീസ് ഉദ്യോഗസ്ഥൻ യുവതിയായ പ്രതിഷേധക്കാരോട് അപമര്യാദയായി പെരുമാറുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കി. പൊലീസ് നടപടിയെ ന്യായീകരിച്ച് മുംബൈ പൊലീസ് രംഗത്തെത്തിയെങ്കിലും വിമർശനം ശക്തമാകുകയാണ്. മുംബൈ ദാദറിൽ നടന്ന വിദ്യാർത്ഥി സമരത്തിനിടെയാണ് സംഭവം. സിവിൽ വേഷത്തിലെത്തി പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ മോശമായി പിടിച്ച് വലിച്ചിഴയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവം അസ്വീകാര്യമാണെന്നും വനിതാ പൊലീസിനെ ഉപയോഗിക്കുന്നതിന് പകരം പുരുഷ പോലീസ് ഉദ്യോഗസ്ഥൻ എന്തിനാണ് വനിതാ പ്രതിഷേധക്കാരോട് ഇങ്ങനെ പെരുമാറിയതെന്നും ചോദിച്ച് മുംബൈ കോൺഗ്രസ് പ്രസിഡന്റ് വർഷ ഗെയ്ക്‌വാദ് രംഗത്തെത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ടാഗ് ചെയ്തുകൊണ്ടാണ് അവർ നടപടി ആവശ്യപ്പെട്ടത്.
എന്നാൽ വീഡിയോ ഉത്തരവാദിത്തമില്ലാത്ത രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞ് മുംബൈ പൊലീസ് ഉദ്യോഗസ്ഥനെ ന്യായീകരിച്ചു. പുരുഷ പ്രതിഷേധക്കാരനെ മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് യുവതി ഇടയിൽ കയറിയതെന്നും ഉദ്യോഗസ്ഥൻ എതിർദിശയിലേക്ക് നോക്കുകയായിരുന്നുവെന്നുമാണ് പോലീസ് വിശദീകരണം. മുതിർന്ന ഉദ്യോഗസ്ഥർ വീഡിയോ പരിശോധിച്ച് ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. എന്നാൽ പൊലീസിന്റെ വാദം തള്ളി എൻസിപി നേതാവ് രോഹിത് പവാർ രംഗത്തെത്തി. താൻ പിടികൂടിയത് പുരുഷനെയല്ല, സ്ത്രീയെയാണെന്ന് മനസ്സിലായിട്ടും എന്തുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥൻ കൈ പിൻവലിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. വീഡിയോയുടെ രണ്ടാം ഭാഗത്ത് ഉദ്യോഗസ്ഥൻ യുവതിയെ നോക്കിക്കൊണ്ടുതന്നെയാണ് പിടിച്ചിരിക്കുന്നതെന്നും കൈ മാറ്റിയിട്ടില്ലെന്നും വ്യക്തമാകുന്നുണ്ട്. മുംബൈ പോലീസിന്റെ പെരുമാറ്റം തുടർച്ചയായി രണ്ടാം ദിവസമാണ് വിവാദത്തിലാകുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വ്യാജ മയക്കുമരുന്ന് കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് സസ്പെൻഡ് ചെയ്തിരുന്നു.


