മുംബൈയിൽ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരിയെ വക്കോല പോലീസ് രണ്ട് ദിവസത്തിനുള്ളിൽ കണ്ടെത്തി. അന്വേഷണത്തിൽ കുഞ്ഞിനെ രണ്ടുതവണ വിറ്റതായി പോലീസ് കണ്ടെത്തി. ഒടുവിൽ കുട്ടിയെ രക്ഷപ്പെടുത്തി അമ്മയ്ക്ക് കൈമാറുന്ന വൈകാരിക നിമിഷം വൈറൽ.
അസാധാരണമായൊരു വൈകാരിക മുഹൂർത്തത്തിലൂടെയായിരുന്നു വക്കോല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കടന്ന് പോയത്. തട്ടിക്കൊണ്ട് പോയ അഞ്ച് വയസുകാരിയെ രണ്ട് ദിവസത്തിനുള്ളില്‍ പോലീസ് കണ്ടെത്തുമ്പോഴേക്കും കുട്ടി രണ്ട് തവണ വില്‍ക്കപ്പെട്ടിരുന്നു. പല കൈ മാറിയെങ്കിലും പോലീസ് കൃത്യമായി കുട്ടിയെ കണ്ടെത്തുകയും അവളെ അമ്മയെ ഏല്‍പ്പിക്കുകയും ചെയ്തു. ആ വൈകാരിക മുഹൂർത്തം പോലീസ് തന്നെ ചിത്രീകരിക്കുകയും മുംബൈ പോലീസിന്‍റെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
സ്റ്റേഷനിലെ വൈകാരിക മുഹൂര്‍ത്തം
മഫ്ടിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥയുടെ ചുമലില്‍ ചാരിക്കിടക്കുന്ന കുട്ടിയുമായി സ്റ്റേഷനിലേക്ക് കയറിവരുന്ന പോലീസുകാരിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ കുട്ടിയെ അമ്മയെ ഏല്‍പ്പിക്കുന്നു. അമ്മയെ കണ്ടതും കുട്ടി അമ്മയുടെ ചുമലിലേക്ക് ചായുന്നതും വീഡിയോയിൽ കാണാം. അവൾക്ക് ഒരു വലിയ പാക്കറ്റ് കാഡ്ബറി സെലിബ്രേഷൻസ് ചോക്ലേറ്റ് ബോക്സ് നല്‍കി പോലീസ് ഉദ്യോഗസ്ഥന്‍ തലയില്‍ മൃദുവായി തലോടി.
തട്ടിക്കൊണ്ട് പോകല്‍
മകളെ കാണാനില്ലെന്ന് പറഞ്ഞ് ഒരു സ്ത്രീ വക്കോല പോലീസ് സ്റ്റേഷനിലെത്തുന്നതോടെയാണ് കേസ് ആരംഭിക്കുന്നത്. പരാതി പ്രകാരം പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അത് പ്രകാരം കുട്ടിയുടെ അമ്മാവന്‍ ലോറൻസ് നിക്കിൾസ് ഫെർണാണ്ടസും അയാളുടെ ഭാര്യ മംഗൾ ദഗ്ഡു ജാദവും ചേർന്ന് കുട്ടിയെ കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. പിന്നാലെ ഇരുവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നും ഇവര്‍ തട്ടിക്കൊണ്ട് പോയ കുട്ടിയെ വിറ്റതായും പോലീസ് കണ്ടെത്തി.
90,000 രൂപയ്ക്കായിരുന്നു ഇവര്‍ കുട്ടിയെ മറ്റൊരു സംഘത്തിന് വിറ്റത്. ഇരുവരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയെ വാങ്ങിയവരെ പോലീസ് കണ്ടെത്തിയെങ്കിലും അവര്‍ കുട്ടിയെ അതിനകം മറ്റൊരാൾക്ക് മറിച്ച് വിറ്റിരുന്നു. അത് 1,89,000 രൂപയ്ക്ക്. പിന്നാലെ ആ സംഘത്തെ കണ്ടെത്തിയ പോലീസ് പൻവേലിൽ നിന്ന് കുട്ടിയെ കണ്ടെത്തി. അമ്മയെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് ഇതിനകം അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തു.
അഭിന്ദന പ്രവാഹം
സംഭവത്തിന്‍റെ വീഡിയോ മംബൈ പോലീസ് തന്നെ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു. വെറും രണ്ട് ദിവസത്തിനുള്ളില്‍ കുട്ടിയെ കണ്ടെത്തിയ മുംബൈ പോലീസിന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിനന്ദന പ്രവാഹമായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ വൈകിയിരുന്നെങ്കില്‍ ഒരു പക്ഷേ കുട്ടി പല കൈമാറി പോയെനെയെന്നും ചിലരെഴുതി. നിരവധി പേര്‍ ഹൃദയത്തിന്‍റെയും സ്നേഹത്തിന്‍റെയും ഇമോജികൾ പങ്കുവച്ചു.


